ആലപ്പുഴ: മിസോറാം ഗവര്‍ണര്‍ അഡ്വ.പി.എസ്. ശ്രീധരന്‍പിള്ളയ്‌ക്ക് വ്യാപാരി വ്യവസായി ഏകോപന സമിതി സ്വീകരണം നല്‍കിയതിനെതിരെ വര്‍ഗീയത ഇളക്കിവിടാന്‍ ആസുത്രിത നീക്കം. എന്നാല്‍ വ്യാപാരികള്‍ ഒറ്റക്കെട്ടായി സ്വീകരണ പരിപാടിയില്‍ പങ്കെടുത്തതോടെ മതവര്‍ഗീയ വാദികളുടെ നീക്കം പൊളിഞ്ഞു.
വലിയ സ്വീകരണമാണ് ശ്രീധരന്‍ പിള്ളയ്‌ക്ക് ലഭിച്ചത്. രാഷ്‌ട്രീയ കാരണങ്ങളാലല്ല, വ്യാപാരി കുടുംബത്തിലെ അംഗം ഉയര്‍ന്നഭരണഘടനാ പദവിയെത്തിയ സാഹചര്യത്തിലാണ് സ്വീകരണം നല്‍കുന്നതെന്ന് സംഘാടകര്‍ വ്യക്തമാക്കിയിട്ടും വര്‍ഗീയത ഇളക്കി വിടാനാണ് ചിലര്‍ ശ്രമിച്ചത്. പരിപാടി പൊളിക്കാന്‍ ചിലര്‍ തലേന്നുമുതല്‍ ഓണ്‍ലൈന്‍ ചാനലുകളിലൂടെ ആസൂത്രിത പ്രചാരണവും നടത്തിയിരുന്നു. എന്നാല്‍ ഇതെല്ലാം തകര്‍ന്നടിഞ്ഞു. ഇതോടെ ഏകാപന സമിതിയില്‍നിന്ന് ഒരുവിഭാഗം രാജിവച്ചെന്ന് ചിലര്‍ പ്രചരിപ്പിച്ചു തുടങ്ങി.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം അലയടിക്കുന്ന സാഹചര്യത്തില്‍ ബിജെപി നേതാവായ ശ്രീധരന്‍പിള്ളക്ക് സ്വീകരണം നല്‍കാനുള്ള തീരുമാനം ഉചിതമല്ലെന്ന് ആരോപിച്ച് ജില്ലാ സെക്രട്ടറി നസീര്‍ പുന്നയ്‌ക്കല്‍ രാജിവച്ചതായാണ് പ്രചാരണം. സംസ്ഥാന സമിതിയംഗവും അരൂക്കുറ്റി യൂണിറ്റ് പ്രസിഡന്റുമായ സക്കീര്‍, ജില്ലാ എക്‌സിക്യൂട്ടീവ് അംഗം വാഹിദ് എന്നിവരും രാജിവച്ചതായി പറയപ്പെടുന്നു. എന്നാല്‍ സംസ്ഥാന പ്രസിഡന്റ് ടി. നസറുദ്ദീന്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി രാജു അപ്സര തുടങ്ങിയ ഇവര്‍ പ്രതിനിധീകരിക്കുന്ന മതവിഭാഗത്തില്‍പ്പെട്ടവര്‍ പങ്കെടുത്ത് പരിപാടി ആഘോഷപൂര്‍വം നടത്തിയതോടെ സ്വീകരണ പരിപാടി വര്‍ഗീയവല്‍ക്കരിച്ച് അലോങ്കോലമാക്കാനുള്ള ശ്രമം ദയനീയമായി പരാജയപ്പെട്ടു.
എല്ലാ മതവിഭാഗത്തിലും രാഷ്‌ട്രീയത്തിലും ഉള്‍പ്പെടുന്നവര്‍ അംഗങ്ങളായ വ്യാപാരിവ്യവസായി ഏകോപന സമിതിയെ വര്‍ഗീയവല്‍ക്കരിക്കാന്‍ ഒരു വിഭാഗം കാലങ്ങളായി പരിശ്രമിക്കുകയാണ്. ഇതിന്റെ തുടര്‍ച്ചയായാണ് ഇപ്പോഴത്തെ വിവാദമെന്നാണ് ആക്ഷേപം.
















