ബെയ്ജിങ്: രാജ്യത്തെ കമ്യൂണിസ്റ്റ് രാജ്യമായി ചൈനയില്‍ മതഗ്രന്ഥങ്ങള്‍ക്ക് സെന്‍സര്‍ഷിപ്പ് ഏര്‍പ്പെടുത്തുന്നു. കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് വിരുദ്ധമായ ഒന്നും രാജ്യത്തു വേണ്ടെന്ന ഭരണകൂടത്തിന്റെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ബൈബിളും ഖുറാനും മാറ്റിയെഴുതാന്‍ ഭരണകൂടം തീരുമാനിച്ചത്. ബൈബിളും ഖുറാനും എന്നു പ്രത്യേകം എടുത്തു പറഞ്ഞിട്ടില്ലെങ്കിലും ഈ മതഗ്രന്ഥങ്ങളെ തന്നെയാണ് ചൈന ലക്ഷ്യമിടുന്നതെന്ന് വിദേശമാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. ചൈനീസ് ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്യുന്ന ഗ്രന്ഥങ്ങളാണ് മാറ്റിയെഴുതപ്പെടുക. വരും തലമുറയ്‌ക്ക് കമ്യൂണിസത്തിനപ്പുറം മതആശയങ്ങളുടെ ആവശ്യമില്ലെന്ന വിലയിരുത്തലിലാണ് ചൈനയുടെ തീരുമാനം.
മത ഗ്രന്ഥങ്ങളില്‍ സമഗ്രമായ പരിശോധന നടത്തി കാലഘട്ടത്തിനനുസൃതമായി മാറ്റിയെഴുതണമെന്നാണ് ചൈനയുടെ നിലപാട്. കഴിഞ്ഞ നവംബറില്‍ ഇത് സംബന്ധിച്ച് നിര്‍ദ്ദേശം നല്‍കിയെന്നാണ് അന്താരാഷ്‌ട്ര മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. എത്‌നിക് ആന്‍ഡ് റിലീജിയസ് അഫയേഴ്‌സ് കമ്മിറ്റി ആണ് ഇത് സംബന്ധിച്ച് നടപടി സ്വീകരിക്കുന്നത്. വിവിധ മതങ്ങളിലെ പണ്ഡിതന്മാരും മറ്റ് വിദഗ്‌ദ്ധന്മാരും അടങ്ങുന്ന പതിനാറംഗ സമിതിയാണ് മത ഗ്രന്ഥങ്ങളില്‍ സമഗ്രമാറ്റത്തിന് നേതൃത്വം നല്‍കുന്നത്. പ്രസിഡന്റ് ഷീ ജിന്‍ പിംഗിന്റെ നിര്‍ദ്ദേശമനുസരിച്ച് വിവിധ മതങ്ങള്‍ അവരുടെ ഗ്രന്ഥങ്ങളില്‍ സോഷ്യലിസ്റ്റ് ആശയങ്ങള്‍ക്ക് അനുസരിച്ച് മാറ്റം വരുത്തണമെന്ന് ചൈനീസ് പീപ്പിള്‍ പൊളിറ്റിക്കല്‍ കോണ്‍സുലേറ്റീവ് കോണ്‍ഫറന്‍സ് അദ്ധ്യക്ഷന്‍ വാംഗ് യാംഗ് അഭിപ്രായപ്പെട്ടു.ചൈനയുടെ സ്വഭാവത്തിനും സംസ്‌കാരത്തിനും അനുസരിച്ചുള്ള ഒരു മതസംവിധാനം രൂപീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.തീവ്രവാദ ആശയങ്ങളും ഭീകരതയും ഒഴിവാക്കാന്‍ ഇത് വളരെ അത്യാവശ്യമാണെന്നും യാംഗ് ചൂണ്ടിക്കാട്ടി. വിവാദമായ പാരഗ്രാഫുകള്‍ ഒഴിവാക്കുകയോ തിരുത്തിയെഴുതുകയോ ചെയ്തു പുതിയ മതഗ്രന്ഥങ്ങള്‍ പ്രസിദ്ധീകരിക്കാണ് ചൈന ഉദ്ദേശിക്കുന്നത്. വരംുനാളുകളില്‍ വന്‍വിവാദമായേക്കാവുന്ന തീരുമാനമാണ് ചൈനയുടേത്.
ചൈനയില്‍ മുസ്ലിം ജനവിഭാഗത്തിന് വന്‍പീഡനം ഏറ്റുവാങ്ങേണ്ടിവരുന്നതായി വന്‍ ആക്ഷേപമുയര്‍ന്നിരുന്നു. ഉയിഗുര്‍ മുസ്ലിങ്ങളെ നാസി മാതൃകയില്‍ കോണ്‍സന്‍ട്രേഷന്‍ ക്യാമ്പുകളുണ്ടാക്കി പാര്‍പ്പിക്കുന്നതിന്റെ വിവരങ്ങള്‍ നേരത്തെ പുറത്തു വന്നിരുന്നു. ഭീകരത അവസിനിപ്പിക്കാനാണ് ക്യാമ്പുകളില്‍ പാര്‍പ്പിക്കുന്നതെന്നാണ് ചൈനയുടെ വിശദീകരണം.
















