തിരുവനന്തപുരം: ഭാരത സംസ്‌ക്കാരവും ഹിന്ദു മതത്തിന്റെ മഹത്വവും ലോകമറിഞ്ഞത് സ്വാമി വിവേകാനന്ദനില്‍ കൂടിയാണെന്ന് രാഷ്‌ട്രപതി രാംനാഥ് കോവിന്ദ്. വിവിധ തലങ്ങളിലുള്ള ജനങ്ങളെ ഏകോപിപ്പിച്ച് ആത്മീയ ശക്തി ഉണര്‍ത്താന്‍ കന്യാകുമാരിയിലെ വിവേകാനന്ദ സ്മാരകത്തിന് കഴിഞ്ഞു. വിവേകാനന്ദ സ്മാരത്തിന്റെ സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കന്യാകുമാരി വിവേകാനന്ദ കേന്ദ്രത്തില്‍ സംഘടിപ്പിച്ച ഏക ഭാരതം വിജയി ഭാരതം എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
1892 ഡിസംബറില്‍ ശ്രീപാദപ്പാറയില്‍ മൂന്ന് ദിവസം രാത്രിയും പകലും ധ്യാനമിരുന്ന സ്വാമി വിവേകാനന്ദനു ലഭിച്ച ജ്ഞാനം അദ്ദേഹത്തെ ലോകപ്രസിദ്ധനാക്കി. നിരന്തര ശ്രമത്തിന്റെ ഫലമായാണ് വിവേകാനന്ദസ്മാരകം കന്യാകുമാരിയില്‍ ഉയര്‍ന്നത്. എണ്ണിയാല്‍ ഒടുങ്ങാത്ത ലക്ഷക്കണക്കിന് യുവാക്കളിലും ലോകത്തിലെ വിവിധ സ്ഥലങ്ങളില്‍ നിന്നും എത്തുന്ന വിനോദസഞ്ചാരികളിലും സ്മാരക സന്ദര്‍ശനത്തിലൂടെ വിവേകാനന്ദന്റെ ജീവിതം എത്തുന്നു. വടക്കു ഹിമാലയവും തെക്കേ അറ്റത്തെ വിവേകാനന്ദ സ്മാരകവും ഇന്ത്യയുടെ സംസ്‌ക്കാരവും പ്രൗഢിയും വിളിച്ചോതുന്ന അടയാളങ്ങളായി നിലകൊള്ളുന്നുവെന്നും രാഷ്‌ട്രപതി പറഞ്ഞു.
25 ന് ഉച്ചയ്‌ക്ക് 2.20 ഹെലിപ്പാടില്‍ വന്നിറങ്ങിയ രാഷ്‌ട്രപതി, പത്‌നി സവിത , മകള്‍ സ്വാതി എന്നിവരെ തമിഴ്‌നാട് ഗവര്‍ണര്‍ പന്‍വാരിലാല്‍ പുരോഹിത്, മന്ത്രി രാജലക്ഷ്മി, തമിഴ്‌നാട് സര്‍ക്കാരിന്റെ ദല്‍ഹി പ്രതിനിധി ദളവായ് സുന്ദരം, ജില്ലാ കളക്ടര്‍ പ്രശാന്ത് വദനേരെ എസ്.ശ്രീനാഥ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു.
















