ലഖ്‌നൗ: പൊതുമുതല്‍ നശിപ്പിച്ച് പ്രതിഷേധസമരം നടത്തുന്നവര്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമരം ചെയ്യുന്നവരുടെ പ്രവൃത്തി നീതീകരിക്കാനാവാത്തതാണെന്ന് പ്രധാനമന്ത്രി ലഖ്‌നൗവില്‍ പറഞ്ഞു. ഇത്തരം രീതികള്‍ ശരിയാണോയെന്ന് ജനങ്ങള്‍ ചോദിക്കണം. കള്ളപ്രചാരണങ്ങളില്‍ ആളുകള്‍ വീണുപോകരുതെന്നും മോദി പറഞ്ഞു. മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിയുടെ പൂര്‍ണകായ വെങ്കല പ്രതിമ ലഖ്‌നൗവില്‍ അനാച്ഛാദനം ചെയ്തു സംസാരിക്കുകയായിരുന്നു മോദി.
പ്രതിഷേധിക്കാനുള്ള അവകാശം എല്ലാവര്‍ക്കുമുണ്ടെങ്കിലും പൊതുമുതല്‍ സംരക്ഷിക്കാനുള്ള ചുമതല കൂടി ജനങ്ങള്‍ക്കുണ്ട്. പൊതുമുതല്‍ ഭാവി തലമുറയ്‌ക്ക് കൂടി വേണ്ടിയുള്ളതാണ്. കത്തിച്ചുകളഞ്ഞവയൊക്കെ അതു ചെയ്തവരുടെ മക്കള്‍ക്ക് കൂടി ഉപയോഗിക്കാനുള്ളവയായിരുന്നു. ജനങ്ങളെ സംരക്ഷിക്കാനായി നിലയുറപ്പിച്ചിരിക്കുന്ന പോലീസിനെ ജനങ്ങള്‍ ബഹുമാനിക്കണം. അവകാശങ്ങളെക്കാള്‍ പ്രധാനം ഉത്തരവാദിത്വവും ചുമതലകളുമാണെന്നോര്‍ക്കണമെന്നും മോദി പറഞ്ഞു. അടല്‍ജിയുടെ 60 അടി ഉയരമുള്ള പ്രതിമയാണ് ലഖ്‌നൗവിലെ ലോക്ഭവനില്‍ പ്രധാനമന്ത്രി അനാച്ഛാദനം ചെയ്തത്. പ്രതിരോധമന്ത്രി രാജ്‌നാഥ്‌സിങ്, യുപി ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേല്‍, മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവരുടെ സാന്നിധ്യത്തില്‍ നടന്ന ചടങ്ങില്‍ അടല്‍ ബിഹാരി വാജ്‌പേയി മെഡിക്കല്‍ സര്‍വ്വകലാശാലയുടെ ശിലാസ്ഥാപനവും പ്രധാനമന്ത്രി നിര്‍വഹിച്ചു. സര്‍വകലാശാലയ്‌ക്കായി അമ്പതേക്കര്‍ ഭൂമി സംസ്ഥാന സര്‍ക്കാര്‍ കൈമാറിക്കഴിഞ്ഞു. അഞ്ചുതവണ ലഖ്‌നൗവിനെ ലോക്‌സഭയില്‍ പ്രതിനിധാനം ചെയ്തിട്ടുള്ള അടല്‍ ബിഹാരി വാജ്‌പേയിയുടെ സ്മരണാര്‍ത്ഥം നിരവധി പദ്ധതികളാണ് യുപി സര്‍ക്കാര്‍ ആരംഭിച്ചത്. അടല്‍ജിയുടെ 95-ാം ജന്മദിനത്തില്‍ ദല്‍ഹിയിലെ അടല്‍ജി സ്മാരകത്തില്‍ രാഷ്‌ട്രപതി രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തരമന്ത്രി അമിത് ഷാ, മുതിര്‍ന്ന ബിജെപി നേതാവ് എല്‍.കെ അദ്വാനി തുടങ്ങിയവര്‍ പുഷ്പാര്‍ച്ചന നടത്തി. വാജ്‌പേയി ജന്മദിനത്തോടനുബന്ധിച്ച് ആറായിരം കോടി രൂപയുടെ അടല്‍ ഭൂജല യോജനയും ബുധനാഴ്ച കേന്ദ്രസര്‍ക്കാര്‍ ആരംഭിച്ചിട്ടുണ്ട്. പഞ്ചായത്ത് തലങ്ങളില്‍ ഭൂജല ലഭ്യത വര്‍ദ്ധിപ്പിക്കാനുള്ള പദ്ധതികള്‍ നടപ്പാക്കുകയാണ് ലക്ഷ്യം.
















