തിരുവനന്തപുരം: ആക്കുളം കായല്‍ കൈയേറ്റം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് നിരന്തരം സമരം ചെയ്ത സിപിഎം അധികാരത്തില്‍ കയറിയപ്പോള്‍ അന്വേഷണം മതിയാക്കി. കായല്‍ കൈയേറ്റം അന്വേഷിക്കുമെന്ന് സിപിഎം സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് വാഗ്ദാനം നല്‍കിയെങ്കിലും വേണ്ടെന്ന നിലപാടെടുത്ത് മുഖ്യമന്ത്രി പിണറായി വിജയന്റെ കീഴിലുള്ള വിജിലന്‍സ്. കൈയേറ്റം നടന്നിട്ടില്ലെന്നും അന്വേഷിക്കേണ്ടെന്നുമാണ് വിജിലന്‍സ് നിലപാട്. ഇത് സംബന്ധിച്ച ഫയല്‍ ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് വിജിലന്‍സ് ഡയറക്ടര്‍ മടക്കി നല്കി.
203 ഏക്കറില്‍ അധികം വിസ്തൃതിയുള്ള ആക്കുളം കായലിന്റെ തെക്കുഭാഗം ഏതാണ്ട് കൈയേറി ഫഌറ്റുകള്‍ പണിത് കഴിഞ്ഞു. നഗരസഭയെ സ്വാധീനിച്ചാണ് ഫഌറ്റുകള്‍ പണിയുന്നതിന് അനുമതി നേടിയെടുത്തത്. സംസ്ഥാനത്തെ ഒരു ഉന്നത പോലീസ് ഓഫീസറുടെ ഭാര്യാ പിതാവ് ഉള്‍പ്പെടെ വന്‍കിട ഭൂമികൈയേറ്റ ലോബികള്‍ വരെ ഇതില്‍പെടുന്നു.
ആക്കുളം കായലില്‍ നടന്ന കൈയേറ്റങ്ങള്‍ ഒഴിപ്പിക്കുമെന്ന് വി.എസ്. അച്യുതാനന്ദന് മുഖ്യമന്ത്രി ആയിരുന്നപ്പോള്‍ പറഞ്ഞിരുന്നെങ്കിലും യാതൊന്നും നടന്നില്ല. തുടര്‍ന്ന് കഴിഞ്ഞ തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ കഴക്കൂട്ടത്ത് ആക്കുളത്ത് നടന്ന യോഗത്തില്‍ എല്ലാ കായല്‍ കൈയേറ്റങ്ങളും ഒഴിപ്പിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും കടകംപള്ളി സുരേന്ദ്രനും വ്യക്തമാക്കിയിരുന്നു. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ കയറി രണ്ടര വര്‍ഷം പിന്നിട്ടിട്ടും കടകംപള്ളി മന്ത്രിയായിട്ടും യാതൊരു നടപടിയും സ്വീകരിച്ചില്ല. നിലവില്‍ ഇവിടെ കൈയേറ്റങ്ങള്‍ തുടരുകയാണ്.
തലസ്ഥാനത്തെ ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ പ്രധാനപ്പെട്ടവയാണ് ആക്കുളം കായല്‍. ബോട്ട് സവാരി അടക്കമുള്ളവ ഉണ്ടായിരുന്നെങ്കിലും കൈയേറ്റത്തെ തുടര്‍ന്ന് കായലില്‍ മണ്ണ് അടിഞ്ഞ് ബോട്ടുകള്‍ക്ക് പോകാന്‍ സാധിക്കാത്ത അവസ്ഥയിലായി. ഇതേ തുടര്‍ന്ന് ടൂറിസം പ്രോത്സാഹിപ്പിക്കാന്‍ കായല്‍ നവീകരണത്തിനായി യുഡിഎഫ് എല്‍ഡിഎഫ് സര്‍ക്കാരുകള്‍ 56 കോടി രൂപ അനുവദിച്ചെങ്കിലും കടലില്‍ കായം കലക്കുന്ന അവസ്ഥയിലായി. കുളവാഴയും പായലും വളര്‍ന്ന് കായലിന്റെ സൗന്ദര്യം എല്ലാം നശിച്ച അവസ്ഥയിലായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: