ആലപ്പുഴ: എ.എം. ആരിഫ് എംപി സിപിഎം വിട്ട് മുസ്ലിം ലീഗില്‍ ചേരുമെന്ന പ്രചാരണം വ്യപകമായിട്ടും പ്രതിരോധിക്കാന്‍ തയാറാകാതെ പാര്‍ട്ടിയും, പാര്‍ട്ടി മുഖപത്രവും. താന്‍ പാര്‍ട്ടി വിടുന്നു എന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്ന് ആരിഫ് ഫേസ്ബുക്കിലും, മറ്റു സാമൂഹ്യമാധ്യമങ്ങളിലും വീഡിയോ പോസ്റ്റുകളായും, അല്ലാതെയും പ്രതികരിച്ചിട്ടും സിപിഎം മുഖപത്രം കണ്ടഭാവം നടിച്ചില്ല. മാത്രമല്ല ആരിഫിനെ പ്രതിരോധിച്ച് രംഗത്തെത്താന്‍ പാര്‍ട്ടി നേതാക്കളാരും തയാറാകാത്തതും ശ്രദ്ധേയമാണ്.
മുന്‍പും ഇത്തരത്തില്‍ ആരോപണ വിധേയനായ ആരിഫ് തന്നെ മറുപടി നല്കട്ടേയെന്ന നിലപാടാണ് ആലപ്പുഴയിലെ പല പ്രമുഖ നേതാക്കള്‍ക്കുമെന്ന് അറിയുന്നു. മാത്രമല്ല ആരിഫിനെ പിന്തുണയ്ച്ച് പാര്‍ട്ടിയിലെ പ്രബല വിഭാഗത്തിന്റെ നോട്ടപ്പുള്ളിയാകാനും നേതാക്കള്‍ തയാറല്ല. ജന്മഭൂമിക്കെതിരെ നടത്തിയ പ്രതികരണമെന്ന നിലയിലെ ആരിഫിന്റെ വീഡിയോ പോസ്റ്റ് യഥാര്‍ത്ഥത്തില്‍ പാര്‍ട്ടിയിലെ ഔദ്യോഗിക വിഭാഗത്തിന് എതിരാണെന്ന് ബോധ്യമായതിനാലാണ് സിപിഎം ഔദ്യോഗിക മാധ്യമങ്ങള്‍ തമസ്ക്കരിച്ചതെന്നാണ് പ്രവര്‍ത്തകര്‍ തന്നെ ചൂണ്ടിക്കാട്ടുന്നത്.
ബൂര്‍ഷ്വാ മാധ്യമങ്ങളെ കൂട്ടുപിടിച്ച് തന്നെ ഇല്ലാതാക്കാന്‍ കാലങ്ങളായി ശ്രമിക്കുന്നവര്‍ നിരാശരാകുമെന്നാണ് ആരിഫ് പറഞ്ഞത്. പാര്‍ട്ടിയിലെ തന്നെ ചില നേതാക്കള്‍ക്കുള്ള കൃത്യമായ മറുപടിയാണ് ഇതെന്നാണ് വിലയിരുത്തല്‍. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന്റെ പത്തൊമ്പത് സ്ഥാനാര്‍ഥികളും പരാജയപ്പെട്ടപ്പോള്‍ താന്‍ മാത്രം ജയിച്ചത് വികസന പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി ജനങ്ങള്‍ വോട്ട് ചെയ്തതിനാലാണെന്നും ആരിഫ് ഓര്‍മ്മിപ്പിച്ചത് പാര്‍ട്ടി നേതൃത്വത്തിന് മുഖമടച്ചു ലഭിച്ച മറുപടിയായിരുന്നു. സിപിഎമ്മിന്റെ സിറ്റിങ് എംപിമാര്‍ പോലും പരാജയപ്പെട്ടപ്പോള്‍ യഥാര്‍ഥ വികസന നായകന് താന്‍ തന്നെയാണെന്നും ആരിഫ് പറയാതെ പറയുകയായിരുന്നു.
മുസ്ലിംലീഗും വാര്‍ത്തകള്‍ നിഷേധിക്കാന്‍ ഇതുവരെ തയാറായിട്ടില്ല എന്നതും ശ്രദ്ധേയമാണ്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ ചില മുസ്ലിം സംഘടനകള്‍ നടത്തുന്ന സമരങ്ങളിലും യോഗങ്ങളിലും ആരിഫ് അടുത്ത ദിവസങ്ങളില്‍ സജീവമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: