ന്യൂദല്ലി: പൗരത്വ നിയമത്തിനെതിരെ ജനക്കൂട്ടത്തെ തെരുവില്‍ കലാപം ചെയ്യാന്‍ പ്രേരിപ്പിച്ച നേതാക്കളെ രൂക്ഷമായി വിമര്‍ശിച്ച് കരസേനാ മേധാവി ബിപിന്‍ റാവത്ത്. ജനത്തെ ശരിയായ ദിശയിലേക്ക് നയിക്കുന്നവരാണ് യഥാര്‍ത്ഥ നേതാക്കാള്‍ അല്ലാതെ കലാപത്തിലേക്ക് തള്ളിയിടുന്നവരല്ല എന്നായിരുന്നു ബിപിന്‍ റാവത്തിന്റെ പ്രതികരണം. ദല്ലിയില്‍ നടന്ന ഒരു സ്വകാര്യ പരിപാടിയില്‍ സംസാരിക്കവെയാണ് കരസേനാ മേധാവിയുടെ പ്രസ്താവന.
നഗരങ്ങളിലും തെരുവുകളിലും തീവെപ്പും കലാപവും നടത്താന്‍ ജനക്കൂട്ടങ്ങളെ സര്‍വകലാശാലകളിലേയും കോളേജിലേയും വിദ്യര്‍ഥികള്‍ നയിക്കുന്നത് നമ്മള്‍ കണ്ടതാണ്. രാജ്യത്ത് നടക്കുന്നത് വഴിതെറ്റിയ യുവാക്കളുടെ സമരമാണ്. ജനക്കൂട്ടങ്ങളെ വഴിതിരിച്ച് കലാപത്തിലേക്ക് നയിക്കാനല്ല നേതാക്കള്‍ ശ്രമിക്കേണ്ടതെന്നും അങ്ങനെയുള്ളവര്‍ യഥാര്‍ത്ഥ നേതാക്കളല്ലെന്നും അദ്ദേഹം പറഞ്ഞു. ദല്ലിയിലെ തണുപ്പ് തടയാന്‍ നമ്മള്‍ കമ്പിളി വസ്ത്രങ്ങള്‍ ധരിച്ച് സുരക്ഷിതരായി ഇരിക്കുമ്പോള്‍ മൈനസ് ഡിഗ്രി കൊടും ശൈത്യത്തില്‍ രാജ്യത്തിന് കാവല്‍ നില്‍ക്കുന്ന ജവാന്മരെ ഓര്‍ക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേ സമയം കരസേനാ മേധാവിയെ വിമര്‍ശിച്ചകൊണ്ട് പ്രസ്താവനയുമായി മജിലിസ്-ഈ- ഇത്തഹദുല്‍ മുസ്ലിമിന്‍ നേതാവ് അസറുദ്ദീന്‍ ഒവൈസിയും കോണ്‍ഗ്രസ്സ് നേതാവ് ദിഗ് വിജയ് സിംഗും രംഗത്തെത്തി.
















