ആലപ്പുഴ: എക്‌സൈസ് നാര്‍ക്കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡ് നടത്തിയ വാഹനപരിശോധനയില്‍ ഹാഷിഷ് ഓയിലും കഞ്ചാവുമായി നാലു യുവാക്കള്‍ പിടിയിലായി. ആലപ്പുഴ-ചങ്ങനാശേരി റോഡില്‍ കിടങ്ങറ പാലത്തിനു കിഴക്ക് വശം വാഹനപരിശോധന നടത്തുന്നതിനിടെയാണ് ആഡംബര കാറില്‍ ഹാഷിഷും കഞ്ചാവും അടക്കം ഇവര്‍ പിടിയിലായത്.
പത്തനംതിട്ട മല്ലപ്പള്ളി കുന്നന്താനം വില്ലേജില്‍ പാമല മുറിയില്‍ പൈനുംപാറ വീട്ടില്‍ കെന്‍ ജോസഫ് (22), കുന്നന്താനം ശ്രീനിവാസ് ഹൗസില്‍ ഗോകുല്‍ കൃഷ്ണ (22), ചങ്ങനാശേരി തൃക്കൊടിത്താനം കോട്ടമുറിക്കല്‍ വീട്ടില്‍ ബെന്‍ ജോസഫ് ജെയിംസ് (23), കുന്നന്താനം പുത്തന്‍ വീട്ടില്‍ ബെന്‍സണ്‍ ജോസഫ് ജെയിംസ് (23) എന്നിവരാണ് അറസ്റ്റിലായത്.
ക്രിസ്മസ്-പുതുവത്സര ആഘോഷങ്ങള്‍ക്കായി ബെംഗളൂരുവില്‍ നിന്നെത്തിച്ചതാണ് പിടിച്ചെടുത്ത ലഹരിവസ്തുക്കളെന്ന് പ്രതികള്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. 12 ഗ്രാം ഹാഷിഷും 10 ഗ്രാം കഞ്ചാവുമാണ് പിടികൂടിയത്. നാലുപേരും സുഹൃത്തുക്കളും നാട്ടുകാരുമാണ്. കെന്‍ ജോസഫും ഗോകുല്‍ കൃഷ്ണയും ജോലി സംബന്ധമായി ദീര്‍ഘനാളായി ബെംഗളൂരുവില്‍ താമസിക്കുകയാണ്. കഴിഞ്ഞ ദിവസം നാട്ടിലെത്തിയ ഇവരാണ് ബെംഗളൂരുവില്‍നിന്ന് ഹാഷിഷും കഞ്ചാവുമെത്തിച്ചത്. ഇവര്‍ യാത്ര ചെയ്ത ആഡംബര കാറും കസ്റ്റഡിയിലെടുത്തു.
ദല്‍ഹി, മണാലി, ബെംഗളൂരു എന്നിവിടങ്ങളില്‍ ഹാഷിഷ് യഥേഷ്ടം ലഭിക്കുന്നതായി കെന്‍ ജോസഫും ഗോകുല്‍ കൃഷ്ണയും മൊഴി നല്‍കിയിട്ടുണ്ട്. സിഗരറ്റ്, ഒസിബി പേപ്പര്‍ എന്നിവയിലും മറ്റുമാണ് ഇവ ഉപയോഗിക്കുന്നത്. ഹാഷിഷ് കൈവശം വയ്‌ക്കുന്നത് പരമാവധി 20 വര്‍ഷം വരെ തടവും ഒരുലക്ഷം രൂപ വരെ പിഴയും ലഭിക്കാവുന്ന കുറ്റമാണ്. പ്രതികളെ രാമങ്കരി കോടതിയില്‍ ഹാജരാക്കി. ആലപ്പുഴ എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വി. റോബര്‍ട്ടിന്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.
















