ബോവിക്കാനം: പൊവ്വല്‍ കോട്ടയിലേക്ക് പോകാന്‍ നില്‍ക്കുന്നവര്‍ അറിയുക. സംസ്ഥാന പുരാവസ്തു വകുപ്പ് ഒന്നരക്കോടിയിലേറെ രൂപ ചെലവഴിച്ചിട്ടും പരാധീനതകളുടെ നടുവിലാണ് കോട്ട. കൊത്തളങ്ങളും ഇടിഞ്ഞുപോയ കിണറുകളുമെല്ലാം അറ്റകുറ്റപ്പണി നടത്തിയെങ്കിലും കോട്ടയുടെ സൗന്ദര്യവത്കരണത്തിനു നടപടിയെടുക്കാത്തതാണ് തദ്ദേശീയരായ സഞ്ചാരികള്‍ പോലും മുഖം തിരിച്ചു നില്‍ക്കാനുള്ള കാരണം.
ആവശ്യത്തിനു ഇരിപ്പിടങ്ങള്‍ ഇല്ലാത്തതും കൊടും വെയിലും സഞ്ചാരികള്‍ എത്താത്തതിനുള്ള കാരണമാണ്. ദാഹിച്ചാല്‍ അടുത്ത് നിന്നു തുള്ളി വെള്ളം പോലും കിട്ടാനില്ല. കോട്ട കാണാമെന്നതല്ലാതെ വിനോദത്തിനുള്ള സൗകര്യങ്ങളും തീരെയില്ല. ഇതു കാരണം കുട്ടികളടക്കമുള്ളവര്‍ കോട്ടയിലേക്ക് പോകാന്‍ താത്പര്യം കാണിക്കുന്നില്ല. ഇതു പരിഹരിക്കാനുള്ള നടപടികളാണ് അധികൃതര്‍ സ്വീകരിക്കേണ്ടത്. തദ്ദേശ ഭരണ സ്ഥാപനങ്ങളാണ് ഇതിനു നടപടിയെടുക്കേണ്ടതെന്ന് പുരാവസ്തു വകുപ്പ് പറയുന്നു.
ജില്ലയിലെ മറ്റു കോട്ടകളില്‍ നിന്നു വ്യത്യസ്തമാണ് പൊവ്വല്‍ കോട്ട. ഉരുളന്‍ കല്ലുകൊണ്ട് നിര്‍മിച്ച ജില്ലയിലെ ഒരേ ഒരു കോട്ടയാണിത്. സംസ്ഥാനാന്തരപാതയില്‍ നിന്നു അര കിലോമീറ്റര്‍ മാത്രം അകലെ എട്ടേക്കര്‍ പരന്ന് വിശാലമായി കിടക്കുന്ന കോട്ടയില്‍ ആവശ്യമായ സൗകര്യങ്ങളൊരുക്കിയാല്‍ സഞ്ചാരികള്‍ എത്തുമെന്ന കാര്യത്തില്‍ സംശയമില്ല. 2017 ലാണ് ഒന്നര കോടിയോളം രൂപ ചെലവഴിച്ച് കോട്ട നവീകരിച്ചത്. ഇതിന്റെ ഭാഗമായി 160 തണല്‍ മരങ്ങള്‍ കോട്ടയ്‌ക്കു ചുറ്റും നട്ടുപിടിപ്പിച്ചെങ്കിലും കഴിഞ്ഞ വേനല്‍ക്കാലത്തുണ്ടായ തീപിടിത്തത്തില്‍ എല്ലാം ചാരമായി.
എല്ലാ വര്‍ഷവും വേനല്‍ക്കാലത്തുണ്ടാകുന്ന തീപിടിത്തമാണ് കോട്ടയുടെ ശാപം. കോട്ടയിലെ കാട് നശിപ്പിക്കാന്‍ ആരോ തീയിടുന്നതാണെന്നാണ് സംശയം. ഈ വര്‍ഷം സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിനെത്തുന്നവരെ ഉദ്ദേശിച്ച് കോട്ടയിലെ കാടുകളെല്ലാം നേരത്തെ തന്നെ വെട്ടിത്തളിച്ചിരുന്നു. അതുകൊണ്ട് ഈ വര്‍ഷം തീ പേടിക്കേണ്ടതില്ല. കോട്ടയ്‌ക്ക് ചുറ്റുമതില്‍ ഇല്ലാത്തതിനാല്‍ കന്നുകാലികളും ആടുകളും കയറുന്നതും ഭീഷണിയാണ്.
കോട്ടയുടെ അകത്ത് ഹാള്‍ പോലുള്ളവ നിര്‍മിച്ചാല്‍ പരിപാടികള്‍ നടത്താനാകും. ഒട്ടേറെ പൂര്‍വ വിദ്യാര്‍ഥി സംഗമങ്ങളാണ് ഈ വര്‍ഷം ഇവിടെ നടന്നത്. ഏറെ പ്രതീക്ഷയോടെ പരിപാടി സംഘടിപ്പിച്ചവര്‍ വെള്ളം പോലും കിട്ടാതെ പാതിയില്‍ അവസാനിപ്പിച്ച് പോയ സംഭവങ്ങളും ഉണ്ടായി. ത്രിതല പഞ്ചായത്തുകളും എംപി, എംഎല്‍എമാര്‍ അടക്കമുള്ള ജനപ്രതിനിധികളും മുന്‍കൈ എടുത്താല്‍ മാത്രമേ കോട്ടയെ വിനോദ സഞ്ചാരമേഖലയാക്കിയെടുക്കാന്‍ കഴിയൂ.
















