ന്യൂദല്‍ഹി : റോത്തങ് പാസില്‍ ഇന്ത്യ നിര്‍മിക്കുന്ന തുരങ്കത്തിനു മുന്‍ പ്രധാനമന്ത്രിയും ബിജെപി നേതാവുമായിരുന്ന അടല്‍ ബിഹാരി വാജ്പേയിയുടെ പേര്. തന്ത്രപ്രധാനമായ ഈ തുരങ്കം നിര്‍മിക്കാന്‍ തീരുമാനമെടുത്തത് വാജ്‌പേയിയാണ്. അദ്ദേഹത്തിനോടുള്ള ആദര സൂചകമായാണ് ഇതിന് വാജ്‌പേയിയുടെ പേര് തന്നെ നല്‍കാന്‍ തീരുമാനിച്ചതെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് അറിയിച്ചു.
വാജ്പേയിയുടെ 95-ാം ജന്മവാര്‍ഷിക ദിനത്തില്‍ ഡല്‍ഹിയിലെ സമാധിയില്‍ പുഷ്പങ്ങളര്‍പ്പിച്ചതിനു ശേഷമായിരുന്നു ഇതു സംബന്ധിച്ച രാജ്‌നാഥിന്റെ ട്വീറ്റ്. തുരങ്കത്തിന് പേര് നല്‍കുന്നത് സംബന്ധിച്ച് ചൊവ്വാഴ്ച ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗത്തില്‍ തന്നെ ഔദ്യോഗിക തീരുമാനമെടുത്തിരുന്നു. അതിനു പിന്നാലെയാണ് രാജ്‌നാഥ് സിങ് പ്രഖ്യാപനം നടത്തിയത്.
4000 കോടി ചെലവിലാണു തുരങ്കം നിര്‍മിക്കുന്നത്. 2020ല്‍ നിര്‍മാണം പൂര്‍ത്തിയാകുന്ന തുരങ്കം അതിര്‍ത്തി റോഡ് സംഘടനയുടെ (ബിആര്‍ഒ) നേതൃത്വത്തിലാണ് നിര്‍മിക്കുന്നത്. ഏതു കാലാവസ്ഥയിലും ഹിമാചലിലെ ലഹാവുലിലേക്കും സ്പിറ്റി താഴ്വരയിലേക്കും ഈ താഴ്‌വരയിലൂടെ എത്തിച്ചേരാന്‍ സാധിക്കും. കൂടാതെ മണാലിയും ലേയും തമ്മിലുള്ള ദൂരത്തില്‍ 46 കിലോമീറ്ററിന്റെ കുറവും ഹിമാചല്‍ പ്രദേശിലെ ഈ തുരങ്കത്തിന്റെ വരവോടെയുണ്ടാകുമെന്നും രാജ്‌നാഥ് പറഞ്ഞു.
2000 ഡിസംബര്‍ മൂന്നിനാണ് റോത്തങ് പാസില്‍ തുരങ്കം നിര്‍മിക്കാന്‍ വാജ്‌പേയി സര്‍ക്കാര്‍ തീരുമാനിക്കുന്നത്. കാര്‍ഗില്‍ യുദ്ധകാലത്താണ് ഇത്തരമൊരു തുരങ്കത്തിന്റെ ആവശ്യം പ്രതിരോധ മന്ത്രാലയത്തിനു വ്യക്തമായത്. 8.8 കിലോമീറ്റര്‍ നീളമുള്ള ഇത് നിര്‍മാണം പൂര്‍ത്തിയാകുമ്പോള്‍ 3000 മീറ്റര്‍ ഉയരത്തിലുള്ള ലോകത്തിലെ ഏറ്റവും നീളമേറിയ തുരങ്ക പാതയായി മാറും. നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ വര്‍ഷം മുഴുവനും സൈനിക ആവശ്യങ്ങള്‍ക്കുള്‍പ്പെടെ ഗതാഗതം സാധ്യമാകും. തുരങ്കത്തിലെ ഏറ്റവും ദുഷ്‌കരമായ മേഖല 587 മീറ്റര്‍ വരുന്ന സെരി നാല ഫോള്‍ട്ട് സോണാണ്. ഇവിടെ ഉള്‍പ്പെടെ നിര്‍മാണം പൂര്‍ത്തിയാക്കി അടുത്ത വര്‍ഷം തന്നെ തുരങ്കം തുറക്കാനാണു തീരുമാനം. ലഡാക്ക് മേഖലയില്‍ ഇന്ത്യ നേരിടുന്ന ദൗര്‍ബല്യം മറികടക്കുന്നതിലും നിര്‍ണായകമാണ് വരാനിരിക്കുന്ന തുരങ്കം.
ലഡാക്കിലുള്ള ഇന്ത്യന്‍ സൈന്യത്തിനു ഭക്ഷണവും ആയുധങ്ങളും മറ്റു സാമഗ്രികളും എത്തിക്കാന്‍ രണ്ടു മാര്‍ഗങ്ങളാണുള്ളത്. പഞ്ചാബിലെ പത്താന്‍കോട്ട് നിന്ന് ജമ്മു, ശ്രീനഗര്‍, സോജി ലാ, കാര്‍ഗില്‍ വഴി (നാഷനല്‍ ഹൈവേ-1എ) അയയ്‌ക്കുകയാണ് ഒന്ന്. 1999-ലെ കാര്‍ഗില്‍ യുദ്ധത്തില്‍ പാക്കിസ്ഥാന്‍ ഈ റോഡിലേക്ക് പീരങ്കിയാക്രമണം നടത്തിയിരുന്നു. ഇതോടെയാണ് തുരങ്ക പാത നിര്‍മിക്കുന്നതിനെപ്പറ്റി ആലോചിക്കാന്‍ തുടങ്ങിയത്. യുദ്ധം കഴിഞ്ഞതോടെ ലഡാക്കിന്റെ സുരക്ഷയ്‌ക്ക് ഈ തുരങ്കം കൂടിയേതീരൂ എന്നും വ്യക്തമായി. അതേസമയം തുരങ്ക നിര്‍മാണം പൂര്‍ത്തിയായാല്‍ ഏതു സമയത്തും ലഡാക്കിലേക്കു സൈനിക സാമഗ്രികള്‍ സുഗമമായി എത്തിക്കാന്‍ ഇന്ത്യയ്‌ക്ക് സാധിക്കുന്നതിനാല്‍ ഇത് ചൈനയെയും പാക്കിസ്ഥാനെയും അസ്വസ്ഥമാക്കുന്നുണ്ട്.
















