മുംബൈ : പാര്‍ട്ടി നേതൃത്വ നിലപാടിനെ പിന്തള്ളി പൗരത്വ ഭേദഗതി നിയമത്തെയും ദേശീയ പൗരത്വ രജിസ്റ്ററിനേയും അനുകൂലിച്ച് ശിവസേന എംപി. മഹാരാഷ്‌ട്ര ഹിംഗോളിയില്‍ നിന്നുള്ള ലോക്‌സഭാംഗം ഹേമന്ത് പാട്ടീലാണ് പിന്തുണ അറിയിച്ച് കത്തയച്ചത്. ഹിംഗോളിയിലെ വോട്ടര്‍മാര്‍ക്കെഴുതിയ കത്തിലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
മഹാരാഷ്‌ട്ര സഖ്യ കക്ഷിയായ കോണ്‍ഗ്രസ് എന്‍ആര്‍സിയേയും സിഎഎസിയും എതിര്‍ക്കുന്നതായി അറിയിച്ചിരുന്നു. ലോക്‌സഭയില്‍ പൗരത്വ ഭേദഗതിയെ അനുകൂലിച്ചെങ്കിലും കോണ്‍ഗ്രസ് ഇതിനെ രൂക്ഷമായി എതിര്‍ത്തതോടെ ശിവസേന കളംമാറ്റിച്ചവിട്ടുകയായിരുന്നു. അതിനിടെയാണ് ശിവസേന എംപി തന്നെ നിയമത്തെ പിന്താങ്ങി രംഗത്ത് എത്തിയിരിക്കുന്നത്. യോഗങ്ങളുടെ തിരക്കായതിനാല്‍ സിഎഎയെയും എന്‍ആര്‍സിയേയും പിന്തുണച്ചുള്ള മാര്‍ച്ചില്‍ പങ്കെടുക്കാന്‍ കഴിഞ്ഞിരുന്നില്ലെന്ന് ഹേമന്ത് പാട്ടീല്‍ പറഞ്ഞു.
ശിവസേന എല്ലായ്‌പോഴും ഹിന്ദുത്വ പാര്‍ട്ടിയാണ്. നിയമങ്ങളെ പിന്തുണയ്‌ക്കുന്നതു കൊണ്ടാണു കത്തെഴുതുന്നതെന്നും ഹേമന്ത് പറയുന്നു. ഹിംഗോളിയിലെ വോട്ടര്‍മാരെ അഭിസംബോധന ചെയ്താണു കത്തു പുറത്തുവന്നതെന്നാണു ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
















