ലഖ്‌നൗ : പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടത്തിയ പ്രതിഷേധത്തിനിടെ പൊതുമുതല്‍ നശിപ്പിച്ചെന്ന കേസില്‍ 28 പേര്‍ക്ക് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ നോട്ടീസ് അയച്ചു. കഴിഞ്ഞ ആഴ്ച നടന്ന പ്രതിഷേധങ്ങളില്‍ ഉണ്ടായ നാശനഷ്ടങ്ങള്‍ക്ക് നഷ്ടപരിഹാരം അടയ്‌ക്കണമെന്നാണ് രാംപൂര്‍ ജില്ലാ ഭരണകൂടം നല്‍കിയ നോട്ടീസില്‍ പറയുന്നത്.
പൊതുമുതല്‍ നശിപ്പിച്ചതിന് 14.86 ലക്ഷം രൂപ നഷ്ടപരിഹാരം അടയ്‌ക്കണമെന്നും നോട്ടീസില്‍ പറയുന്നുണ്ട്. കഴിഞ്ഞ ശനിയാഴ്ച രാംപുരിലാണ് ഏറ്റവും വലിയ സംഘര്‍ഷങ്ങള്‍ ഉണ്ടായത്. ഇവിടെ നടന്ന വെടിവെപ്പില്‍ ഒരാള്‍ കൊല്ലപ്പെടുകയും ചെയ്തു. സംഘര്‍ഷത്തിനിടെ പോലീസ്, സ്വകാര്യ വാഹനങ്ങളും, പോലീസ് ഹെല്‍മറ്റ്, ബാറ്റണുകള്‍, പെല്ലറ്റുകള്‍ എന്നിവ അക്രമകാരികള്‍ തകര്‍ത്തിട്ടുണ്ട്. ഈ നാശനഷ്ടങ്ങളെല്ലാം പ്രതിഷേധിച്ചവര്‍ നല്‍കണമെന്നാണ് ആവശ്യം.
31 പേരെ പ്രതിഷേധങ്ങളുടെ പേരില്‍ ഇവിടെ നിന്ന് അറസ്റ്റ് ചെയ്തു. സംഘര്‍ഷങ്ങളില്‍ ഉള്‍പ്പെട്ട 150 പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. സര്‍ക്കാര്‍ നടപടികളുടെ ഭാഗമായി കഴിഞ്ഞ ആഴ്ച പടിഞ്ഞാറന്‍ യുപിയിലെ മുസഫര്‍നഗറില്‍ 60 കടകള്‍ സീല്‍ ചെയ്തു. പൊതുമുതല്‍ നശിപ്പിക്കുന്നവരുടെ സ്വത്തുവകകകള്‍ പിടിച്ചെടുത്തു ലേലം ചെയ്യുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നേരത്തെ വ്യക്തമാക്കിയതാണ്.
















