ലഖ്നൗ: പുതിയ പൗരത്വ നിയമത്തിനെതിരായ പ്രതിഷേധത്തിനിടെ ഉത്തര്‍പ്രദേശ് തലസ്ഥാനത്ത് വ്യാഴാഴ്ച നടന്ന അക്രമത്തിന് പിന്നില്‍ മുസ്ലീം തീവ്ര സംഘടനയായ പോപ്പുലര്‍ ഫ്രണ്ടാണെന്ന് ലഖ്നൗ പോലീസ് റിപ്പോര്‍ട്ട്. ദല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ(പിഎഫ്‌ഐ) ആസൂത്രണം ചെയ്ത ആക്രമണത്തില്‍ ഒരാള്‍ മരിച്ചു. സര്‍ക്കാര്‍ സ്വത്തിനു പുറമെ ടിവി മാധ്യമങ്ങളുടെ പ്രക്ഷേപണ വാനുകളും സ്വകാര്യ വാഹനങ്ങളും നശിപ്പിച്ചിരുന്നു.
കഴിഞ്ഞ ദിവസം നടത്തിയ പത്രസമ്മേളനത്തിലാണ് കാലാപത്തിന് ആസൂത്രണം ചെയ്ത ഉത്തര്‍പ്രദേശിലെ പോപ്പുലര്‍ ഫ്രണ്ടിന്റെ രണ്ട് പ്രധാന അംഗങ്ങളെ അറസ്റ്റ് ചെയ്ത വിവരം ലഖ്നൗ പോലീസ് മേധാവി അറിയിച്ചത്. ലഖ്നൗവില്‍ ഒത്തുകൂടി അക്രമാസക്തമായ പ്രതിഷേധം നടത്താന്‍ ആളുകളെ കൂട്ടുന്നതിനായി പ്രതികള്‍ സോഷ്യല്‍ മീഡിയവഴിയും ലഘുലേഖകളും, പോസ്റ്റ്കാര്‍ഡുകളും ഉപയോഗിച്ചും പ്രചരണം നടത്തിയതായും പോലീസ് വ്യക്തമാക്കി. നദീം, അഷ്ഫക്ക് എന്നീ പിഎഫ്‌ഐ പ്രവര്‍ത്തകരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇവര്‍ക്ക് പുറമെ മനുഷ്യാവകാശ അഭിഭാഷകനായ മുഹമ്മദ് ഷോയിബിനെതിരെയും ഗൂഢാലോചനക്ക് കേസെടുത്തിട്ടുണ്ട്.
പ്രതികളുടെ വാട്ട്സ്ആപ്പ് ചാറ്റുകള്‍ പരിശോധിച്ചതില്‍ നിന്ന് ഇവര്‍ നിരന്തരം അക്രമത്തിന് പ്രേരിപ്പിക്കുന്ന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതായി പോലീസ് കണ്ടെത്തി. എന്‍ആര്‍സി, സിഎഎ വിരുദ്ധ പ്രചരണങ്ങള്‍ നടത്തുന്ന ഈ സംഘത്തിനെയാണ് ലഖ്നൗ പോലീസ് അറസ്റ്റ് ചെയ്തത്. ലഘുലേഖകള്‍, പേപ്പര്‍ കട്ടിംഗുകള്‍, പോസ്റ്റ്കാര്‍ഡുകള്‍ മറ്റ് ജില്ലകളില്‍ നിന്നും സംസ്ഥാനങ്ങളില്‍ നിന്നും അക്രമാസക്തമായ പ്രതിഷേധം നടത്താന്‍ സഹായിച്ചതായി ലഖ്നൗ പോലീസ് മേധാവി കലാനിധി നൈതാനി പറഞ്ഞു.
















