കൈനകരി: കുട്ടനാട്ടിലെ മുതുമുത്തശ്ശി മീനാക്ഷിയമ്മയ്‌ക്ക് ക്രിസ്മസ് സ്‌നേഹ സമ്മാനവുമായി കുട്ടനാട് ഫിലിം ക്ലബ്. കൈനകരി റ്റില്ലിത്തറച്ചിറ വീട്ടിൽ നൂറ്റിയഞ്ചു വയസുകാരി മീനാക്ഷിയമ്മയ്‌ക്കാണ് സ്‌നേഹ സമ്മാനമായി കേക്ക് സമ്മാനിച്ചത്.
കേക്ക് സ്വീകരിച്ചശേഷം ക്ലബ് അംഗങ്ങളെ കുട്ടനാടിന്റെ മുതുമുത്തശ്ശി അനുഗ്രഹിക്കുകയും ചെയ്തു. ക്ലബ് പ്രസിഡന്റ് അയ്‌മനം സാജന്റെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ കൈനകരി ചാവറഭവൻ ഡയറക്ടർ ഫാ. തോമസ് കല്ലുകളം, ക്ലബ് ട്രെഷറർ ജയിംസ് കിടങ്ങറ, ക്ലബ് അംഗങ്ങളായ സംഗീത സംവിധായകൻ ഗംഗൻ കരിവെള്ളൂർ, നടന്മാരായ പ്രകാശ് ചെങ്ങന്നൂർ, റെനീഷ്, പ്രകാശ് ആലപ്പുഴ, ജിതിൻ കൈനകരിയും, നാട്ടുകാരും പങ്കെടുത്തു.
കുട്ടനാട്ടിലെ എറ്റവും പ്രായം കൂടിയ മുതുമുത്തശ്ശിയാണ് മീനാക്ഷിയമ്മ. ഈ പ്രായത്തിലും ആരോഗ്യവതിയാണ് ഇവർ. പഴയകാല കുട്ടനാടിന്റെ ചിത്രം ഇപ്പോഴും ഇവരുടെ മനസിൽ തിളങ്ങി വരും. ഇരുപത്തിനാലായിരം പാടശേഖരങ്ങളിൽ കൊയ്‌ത്ത് പാട്ടു പാടി നെല്ല് കൊയ്ത് നടന്ന നല്ലകാലം അവർ ഓർമ്മിക്കും. അന്ന് ശരിക്കും മഹാബലിയുടെ നാട് കുട്ടനാടായിരുന്നു എന്ന് മീനാക്ഷിയമ്മ വിറയാർന്ന ശബ്ദത്തിൽ പറയുന്നു.
കുട്ടനാട്ടിലെ നല്ല കൊയ്‌ത്തുകാരി എന്ന് പേരുള്ള മീനാക്ഷിയമ്മയ്‌ക്ക് കർഷക പെൻഷൻ ലഭിയ്‌ക്കുന്നുണ്ട്. ഇവർക്ക് പൊന്നമ്മ എന്ന ഒരു മകൾ മാത്രമാണുള്ളത്. കൈനകരിയിലെ കുടുംബവീട്ടിൽ അനുജത്തിയുടെ മകളോടൊപ്പമാണ് ഇപ്പോൾ താമസം.
















