മുംബൈ: മഹാരാഷ്‌ട്ര മന്ത്രിസഭാ വികസനത്തില്‍ കോണ്‍ഗ്രസിലെയും എന്‍സിപിയിലെയും മുതിര്‍ന്ന നേതാക്കളെ ഒതുക്കാന്‍ ശിവസേന നീക്കത്തിന് കനത്ത തിരിച്ചടി. എന്‍സിപിയുടെ മുതിര്‍ന്ന നേതാവായ അജിത് പവാറിനെ ഉപമുഖ്യമന്ത്രിയാക്കാന്‍ സമ്മര്‍ദം താങ്ങാതെ ശിവസനേ സമ്മതിച്ചെന്നു റിപ്പോര്‍ട്ട്. ഈ മാസം മുപ്പതിന് മുന്‍പ് മന്ത്രിസഭാ വികസനമുണ്ടാകുമെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ശിവസേനയ്‌ക്ക് മുഖ്യമന്ത്രി പദത്തിന് പുറമേ 15 മന്ത്രിമാരും കോണ്‍ഗ്രസിന് സ്പീക്കര്‍ പദവിയും 13 മന്ത്രിമാരും, എന്‍സിപിക്ക് ഉപമുഖ്യമന്ത്രി പദവും 13 മന്ത്രിമാരും എന്നാണ് മുന്നണിയില്‍ രൂപപ്പെട്ടിരിക്കുന്ന ധാരണ. എന്‍സിപിയിലേക്ക് മടങ്ങിവന്ന അജിത്പവാറിനെ ഉപമുഖ്യമന്ത്രി ആക്കാന്‍ ശിവസേന സമ്മതിച്ചിരുന്നില്ല.
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളും മുന്‍മുഖ്യമന്ത്രിമാരുമായ അശോക് ചവാനും പൃഥ്വിരാജ് ചവാനും എന്‍സിപി നേതാവ് അജിത് പവാറുമാണ് മന്ത്രിക്കസേരയില്‍ നോട്ടമിട്ട പ്രമുഖര്‍. ഇവരെ മന്ത്രിസഭയില്‍ കൊണ്ടുവരുന്നതിനോട് സേനയ്‌ക്ക് താത്പര്യമില്ല. ഭരണപരിചയവും രാഷ്‌ട്രീയ തന്ത്രജ്ഞതയും ഏറെയുള്ള ഇവര്‍ മന്ത്രിസഭയിലെത്തിയാല്‍ ഇതില്‍ രണ്ടിലും പിന്നിലുള്ള മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്‌ക്ക് വെല്ലുവിളിയാകുമെന്നാണ് പാര്‍ട്ടി കരുതിയിരുന്നത്.
മുതിര്‍ന്ന നേതാക്കള്‍ യുവാക്കള്‍ക്ക് വഴിമാറണമെന്നാവശ്യപ്പെട്ട് ശിവസേന മുഖപത്രം സാമ്‌ന മുഖപ്രസംഗമെഴുതിയത് ഇതു ലക്ഷ്യമിട്ടായിരുന്നു. മുന്‍മുഖ്യമന്ത്രിയും എന്‍സിപി നേതാവുമായ ഛഗന്‍ ഭുജ്ബാല്‍, ജയന്ത് പാട്ടീല്‍, കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ബാലാസാഹബ് തൊറാട്ട്, നിതിന്‍ റാവത്ത് തുടങ്ങിയ മുതിര്‍ന്ന നേതാക്കള്‍ ഇപ്പോള്‍ തന്നെ മന്ത്രിസഭയുടെ ഭാഗമാണ്. ഇനി മറ്റ് നേതാക്കള്‍ കൂടി വരുന്നതോടെ കാര്യങ്ങള്‍ കൈവിടുമെന്നാണ് ശിവസേനയുടെ ഭയം. മന്ത്രിസഭാ വികസനം നീളുന്നത് സംസ്ഥാനത്ത് ഭരണ പ്രതിസന്ധിക്ക് കാരണമായെന്ന ആരോപണവും ശക്തമായിരുന്നു. പാര്‍ട്ടികള്‍ക്ക് വീതം വച്ച വകുപ്പുകളെല്ലാം ഇപ്പോഴുള്ള മന്ത്രിമാരാണ് കൈകാര്യം ചെയ്യുന്നത്. മുഖ്യമന്ത്രിയുള്‍പ്പെടെ ഏഴ് മന്ത്രിമാരാണ് മന്ത്രിസഭയില്‍ നിലവിലുള്ളത്. അജിത് പവാറിനെ ഒഴിവാക്കാന്‍ ശിവസനേ പരമാവധി ശ്രമിച്ചുവെങ്കിലും മുന്നണി ബന്ധത്തെ പോലും ബാധിക്കുമെന്ന് വ്യക്തമായതോടെയാണു ഒടുവില്‍ ഉപമുഖ്യമന്ത്രി സ്ഥാനം അജിത് പവാറിനു നല്‍കാന്‍ നിര്‍ബന്ധിതമായത്.
















