തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ പൗരത്വ ഭേദഗതി നിയമത്തെ പിന്തുണച്ച കേരള ഗവര്‍ണര്‍ക്കെതിരെ കെ. മുരളീധരന്‍ എംപി. ആരിഫ് മുഹമ്മദ് ഖാന്റെ അടുത്തുനിന്ന് പദവി അനുസരിച്ചുള്ള മാന്യത നിന്ന് ഉണ്ടാകുന്നില്ല. ഇത് തുടര്‍ന്നാല്‍ ഗവര്‍ണറെ ബഹിഷ്‌കരിക്കുമെന്നുള്ള ഭീഷണിയും മുരളീധരന്‍ മുഴക്കി. പൗരത്വ ഭേദഗതി നിയമത്തെ ഇനിയും പിന്തുണച്ചാല്‍ ഗവര്‍ണറെ ബഹിഷ്‌കരിക്കുന്നത് അടക്കമുള്ള കാര്യങ്ങള്‍ ആലോചിക്കേണ്ടിവരുമെന്ന് അദേഹം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
ഇന്ന് വൈകിട്ട് നടക്കുന്ന കെ കരുണാകരന്‍ അനുസ്മരണയോഗത്തിന് ഗവര്‍ണറെ ക്ഷണിച്ചിട്ടുണ്ട്. വളരെ നാള്‍ മുമ്പാണ് ഗവര്‍ണറെ ചടങ്ങിലേക്ക് ക്ഷണിച്ചത്. പുതിയ സാഹചര്യത്തില്‍ നിലപാട് നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നും ഗവര്‍ണര്‍ പങ്കെടുക്കുമോ എന്ന കാര്യം കണ്ടറിയണമെന്നും കെ മുരളീധരന്‍ പറഞ്ഞു. കേരള ഗവര്‍ണര്‍ക്കെതിരെ കോണ്‍ഗ്രസ് നേതാവ് കെസി വേണുഗോപാലും നേരത്തെ രംഗത്തെത്തിയിരുന്നു. കേന്ദ്ര സര്‍ക്കാര്‍ ഇരു സഭകളിലും പാസാക്കി നിയമാക്കിയ പൗരത്വ ഭേദഗതിയെ അനുകൂലിച്ച് ആരിഫ് മുഹമ്മദ് ഖാന്‍ ബിജെപി വക്താവിനെ പോലെ സംസാരിക്കുകയാണെന്ന് വേണു ഗോപാല്‍ പറഞ്ഞു.
ഇത്തരം പ്രസ്താവനകള്‍ അദേഹം ഉപേക്ഷിക്കണമെന്നും മോദി സര്‍ക്കാര്‍ രാജ് ഭവനുകളെ കൂടി എങ്ങനെ രാഷ്‌ട്രീയവല്‍കരിക്കുന്നു എന്നതിന്റെ പ്രകടമായ ഉദാഹരണമാണിതെന്നും വേണുഗോപാല്‍ പറഞ്ഞു. അതേസമയം, പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള സമരക്കാരുടെ സംശയങ്ങള്‍ ചര്‍ച്ചകളിലൂടെ മാറ്റാമെന്ന് പറഞ്ഞപ്പോള്‍ പ്രതിഷേധക്കാര്‍ സ്ഥലം കാലിയാക്കിയെന്ന് കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു. ചിലര്‍ രാജ്ഭവനു മുന്നില്‍ സമരം നടത്തുന്നുവെന്നുകേട്ട് അവരോടു ചര്‍ച്ച നടത്താമെന്ന് അറിയിച്ചു. ഇവരുടെ എല്ലാ സംശയങ്ങളെക്കുറിച്ചും ചര്‍ച്ച നടത്താമെന്നു പറഞ്ഞു. എന്നാല്‍ താന്‍ എത്തുന്നതിന് രണ്ടു മണിക്കൂര്‍ മുന്‍പ് സമരക്കാര്‍ കടന്നുകളഞ്ഞുവെന്ന് ഗവര്‍ണര്‍ പറഞ്ഞു.
















