അഞ്ചല്‍(കൊല്ലം): തങ്ങളുടെ നേതാക്കളുടെയും പ്രവര്‍ത്തകരുടെയും കൊലയാളികളായ പോപ്പുലര്‍ ഫ്രണ്ടും എസ്എഫ്‌ഐ, സിപിഎം, കോണ്‍ഗ്രസ് പാര്‍ട്ടികളും തമ്മില്‍ ചങ്ങാത്തം. സിപിഎമ്മിന്റെയും കോണ്‍ഗ്രസിന്റെയും രക്തസാക്ഷികള്‍ക്ക് പുല്ലുവില കല്‍പിച്ച്, അവരുടെ സ്മരണകളെപ്പോലും അവഹേളിച്ചാണ് ഇരുപാര്‍ട്ടികളുടെയും നേതാക്കള്‍ അഞ്ചലില്‍ കൊലയാളികളായ പോപ്പുലര്‍ഫ്രണ്ടുമായി വേദി പങ്കിട്ടത്. പൗരത്വ ബില്ലിനെതിരെ യോജിച്ച പ്രതിഷേധമെന്ന പേരിലായിരുന്നു പരിപാടി.
എസ്എഫ്‌ഐ നേതാവ് അഭിമന്യുവിനെ കുത്തിമലര്‍ത്തിയ, സിപിഎം പ്രവര്‍ത്തകന്‍ അഞ്ചല്‍ തടിക്കാട് എം.എ അഷറഫിനെ വെട്ടിക്കൊന്ന പോപ്പുലര്‍ ഫ്രണ്ടിനൊപ്പമാണ് യാതൊരു ഉളുപ്പുമില്ലാതെ സിപിഎം തോളോട് തോള്‍ ചേര്‍ന്നത്. കോണ്‍ഗ്രസ് നേതാവായിരുന്ന നെട്ടയം രാമഭദ്രനെ വെട്ടിക്കൊന്ന കേസിലെ പ്രതിയും സിപിഎം നേതാവുമായ വ്യക്തിയോടൊപ്പം കോണ്‍ഗ്രസുകാര്‍ വേദി പങ്കിട്ടത് കോണ്‍ഗ്രസിലും ചര്‍ച്ചയായി. അഞ്ചല്‍ മേഖല മഹല്ല് കമ്മറ്റിയുടെ പേരിലാണ് പൗരത്വ ബില്ലിനെതിരെ റാലിയും പൊതുസമ്മേളനവും സംഘടിപ്പിച്ചത്. മഹല്ല് കമ്മിറ്റി, ജനകീയ പൗരത്വ സംരക്ഷണ വേദി എന്നിങ്ങനെ വിവിധ ബാനറുകള്‍ ഉപയോഗിച്ചെങ്കിലും പോപ്പുലര്‍ ഫ്രണ്ടായിരുന്നു സംഘാടനത്തിന് ചരട് വലിച്ചത്. പ്രകടനത്തിലുടനീളം തക്ബീര്‍ വിളികള്‍ക്കൊപ്പം ബിജെപിക്കും നരേന്ദ്രമോദിക്കും എതിരെ അസഭ്യവും മുദ്രാവാക്യമാക്കി.
ഏരൂര്‍ ഷംസുദീന്‍ മദനി അല്‍ ഖാദിരി, അഞ്ചല്‍ ബദറുദ്ദീന്‍,കശുവണ്ടി വികസന കോര്‍പ്പറേഷന്‍ ചെയര്‍മാനും സിഐടിയു ജില്ലാ സെക്രട്ടറിയുമായ എസ്. ജയമോഹന്‍, കെപിസിസി ജനറല്‍ സെക്രട്ടറി ചാമക്കാല ജ്യോതികുമാര്‍, വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് എസ്.ദേവരാജന്‍, കബീര്‍ ബാഖവി, മുസ്ലീം ലീഗ് ജില്ലാ പ്രസിഡന്റ് അന്‍സാറുദീന്‍, വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി സജീദ്ഖാലിദ് എന്നിവര്‍ പങ്കെടുത്തു.
















