ന്യൂദല്‍ഹി: പൗരത്വ ഭേദഗതി നിയമത്തെക്കുറിച്ച് വിശദീകരിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ടിറങ്ങിയതോടെ ഇന്നത്തെ പ്രതിഷേധം മാറ്റി വെച്ച് കോണ്‍ഗ്രസ്. രാജ്ഘട്ടില്‍ ഇന്നു വൈകിട്ട് നടക്കാനിരുന്ന ധര്‍ണയാണ് കോണ്‍ഗ്രസ് നാളത്തേക്ക് മാറ്റിവെച്ചത്. രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ളവര്‍ ധര്‍ണയില്‍ പങ്കെടുക്കുമെന്നാണ് കോണ്‍ഗ്രസ് അറിയിച്ചത്. എന്നാല്‍, രാംലീല മൈതാനത്ത് മോദി റാലി നടത്തിയതോടെയാണ് കോണ്‍ഗ്രസ് ധര്‍ണയില്‍ നിന്ന് ഉള്‍വലിഞ്ഞത്. ഇന്ന് പ്രധാനമന്ത്രിയുടെ പരിപാടി ഡല്‍ഹിയില്‍ നടക്കുന്നതിനാലുമാണ് കോണ്‍ഗ്രസ് പ്രതിഷേധ പരിപാടി മാറ്റിയതെന്ന് കോണഗ്രസ് നേതാക്കള്‍ തന്നെ സ്ഥിരീകരിച്ചിട്ടുണ്ട്. നാളത്തെ സമരം അഞ്ചുമണിക്കൂര്‍ മാത്രമായി ചുരുക്കിയിട്ടുണ്ട്.
അേതസമയം, പൗരത്വ ഭേദഗതി നിയമത്തില്‍ നിന്ന് ഒരു സംസ്ഥാനങ്ങള്‍ക്കും വിട്ടുനില്‍ക്കാനാവില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി. നിയമം നടപ്പാക്കാതിരിക്കാന്‍ ഒരു സംസ്ഥാനത്തിനും സാധിക്കില്ലെന്നും അദേഹം പറഞ്ഞു. ഡല്‍ഹി രാംലീല മൈതാനിയില്‍ നടന്ന ബിജെപി റാലിയില്‍ സംസാരിക്കുക പ്രധാനമന്ത്രി. തങ്ങളുടെ സംസ്ഥാനങ്ങളില്‍ പൗരത്വ ഭേദഗതി നിയമം നടപ്പാക്കില്ലെന്ന് ചിലര്‍ പറയുന്നു. ഇത് സാധ്യമാണോ എന്ന് നിയമവിദഗ്ധരോടോ അഡ്വക്കേറ്റ് ജനറലിനോടോ ചോദിച്ചുനോക്കട്ടെ. മുഖ്യമന്ത്രിമാര്‍ക്ക് സത്യപ്രതിജ്ഞാ ലംഘനം നടത്താനാവില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. അഭയാര്‍ഥികളും നുഴഞ്ഞുകയറ്റക്കാരും തമ്മില്‍ വ്യത്യാസമുണ്ട്. നുഴഞ്ഞുകയറ്റക്കാര്‍ക്ക് രാജ്യത്ത് ഇടമില്ല. പൗരത്വനിയമഭേദഗതി അഭയാര്‍ഥികള്‍ക്ക് പൗരത്വം നല്‍കാന്‍ വേണ്ടിയാണ്.
കേരള മുഖ്യമന്ത്രി പിണറായി വിജയനും പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി, മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥ് എന്നിവര്‍ നിയമം നടപ്പാക്കില്ലെന്ന് നേരത്തെ പറഞ്ഞിരുന്നു. ഇതിന് മറുപടിയാണ് ലക്ഷക്കണക്കിന് ആള്‍ക്കാരെ സാക്ഷിയാക്കി മോദി പറഞ്ഞത്. വാഗ്ദാനങ്ങള്‍ പാലിക്കുന്ന സര്‍ക്കാരാണ് ഇപ്പോഴത്തേതെന്ന് നരേന്ദ്രമോദി പറഞ്ഞു. ദല്‍ഹി രാംലീലാ മൈതാനിയില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തെരഞ്ഞെടുക്കുമ്പോള്‍ രാഷ്‌ട്രീയ പാര്‍ട്ടികള്‍ വാഗ്ദാനങ്ങളുമായി എത്തുന്നു. എന്നാല്‍ ബിജെപി ജനങ്ങള്‍ക്ക് നല്‍കിയ എല്ലാ വാഗാദാനങ്ങളും നടപ്പിലാക്കുമെന്നും അദ്ദേഹം അറിയിച്ചു.
















