ശ്രീനഗര്‍: ജമ്മു കശ്മീരിലെ നൗഷെറ ജില്ലയിലെ നിയന്ത്രണ രേഖയില്‍ വീണ്ടും വെടിനിര്‍ത്തല്‍കരാര്‍ പാക്കിസ്ഥാന്‍ ലംഘിച്ചു. ഇന്ന് രാവിലെ 10:15നാണ് യാതൊരു പ്രകോപനവുംകൂടതെ പാക്കിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചത്. വെടിയുത്തിര്‍ത്തലിനു പുറമെ ഇവര്‍ സൈന്യത്തിനു നേരെ ഷെല്ലാക്രമണവും നടത്തി.
ഇന്ത്യന്‍ സൈന്യത്തിന്റെ ശക്തമായ തിരിച്ചടിയില്‍ പാക് സൈന്യം പിന്‍മാറി. കഴിഞ്ഞ ദിവസം രാത്രിയും മെന്‍ദ്ധാര്‍, കൃഷ്ണ ഘാട്ടി, പൂഞ്ച് എന്നീ സ്ഥലങ്ങളില്‍ വെടിവയ്‌പ്പ് നടത്തിയിരുന്നതായി ദേശീയമാധ്യമ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
ഈ വര്‍ഷം ജനുവരി മുതല്‍ നവംബര്‍ 15 വരെ പാക്കിസ്ഥാന്‍, നിയന്ത്രണ രേഖയില്‍ 2500 തവണ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചതായി ഇന്ത്യന്‍ സൈനിക വൃത്തങ്ങള്‍ അറിയിച്ചു. ഇതില്‍ 350ലധികം ലംഘനങ്ങളും ഒക്ടോബര്‍ മാസത്തിലാണ് നടന്നത്. നവംബര്‍ മാസത്തിലെ ആദ്യ 11 ദിവസങ്ങളില്‍ പാകിസ്ഥാന്റെ ഭാഗത്തുനിന്നും 97 വെടിനിര്‍ത്തല്‍ കരാര്‍ ലംഘനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഹിരാനഗര്‍, അഖ്നൂര്‍, സുന്ദര്‍ബാനി, നൗഷെറ, രജൗരി, മെന്‍ദ്ധാര്‍, പൂഞ്ച്, ഉഡി, കുപ്‌വാര ജില്ലകളില്‍ കഴിഞ്ഞ മൂന്ന് മാസമായി എല്ലാ ദിവസവും വെടിനിര്‍ത്തല്‍ നിയമലംഘനങ്ങള്‍ നടക്കുന്നതായും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നു.
















