മുംബൈ: സവര്‍ക്കറെ പരിഹസിച്ചതില്‍ രാഹുല്‍ ഗാന്ധിക്കെതിരെ വീണ്ടും ശിവസേന. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരകാലത്തോ രാജ്യത്തിന്റെ രൂപീകരണത്തില്‍ യാതൊരു സംഭാവനയും നല്‍കാത്ത ആളുകളാണ് സവര്‍ക്കറെ പ്രതിസ്ഥാനത്ത് നിര്‍ത്തുന്നത്. ശിവസേന മുഖപത്രമായ സാമ്‌നയിലുടെ സഞ്ജയ് റാവത്ത് എംപിയാണ് രൂക്ഷമായി വിമര്‍ശിച്ചിരിക്കുന്നത്.
സ്വാതന്ത്ര്യ സമരത്തില്‍ സവര്‍ക്കര്‍ അനുഭവിച്ച പീഡനങ്ങളും യാതനകളും ഗാന്ധിയോ, നെഹ്റുവോ, ബോസോ അനുഭവിച്ചിട്ടുണ്ടാകില്ല. സവര്‍ക്കറെ പോലെയുള്ള സ്വാതന്ത്ര്യ സമര സേനാനികള്‍ 14 വര്‍ഷമാണ് ആന്‍ഡമാന്‍ ജയിലുകളില്‍ കഴിഞ്ഞത്. വെറും 72 മണിക്കൂര്‍ പോലും ജയിലില്‍ കഴിയാന്‍ ധൈര്യമില്ലാത്ത ആളുകളാണ് സവര്‍ക്കറിനെതിരെ ഇപ്പോള്‍ പ്രസ്താവനയുമായി എത്തിയിരിക്കുന്നതെന്നും അദ്ദേഹം രാഹുലിനെ രൂക്ഷമായി വിമര്‍ശിച്ചു.
സവര്‍ക്കറുടെ സംഭാവനകളെ ചോദ്യം ചെയ്യുന്ന സമയത്ത് തന്നെ മഹാത്മാ ഗാന്ധിയുടേയും ജവഹര്‍ലാല്‍ നെഹ്റുവിന്റേയും പങ്കാളിത്തവും ചോദ്യം ചെയ്യപ്പെടുകയാണ്. ഇന്നത് ട്രന്‍ഡായി മാറിക്കൊണ്ടിരിക്കുകയാണെന്നും സഞ്ജയ് റാവത്ത് കൂട്ടിച്ചേര്‍ത്തു.
രാഹുലിന്റെ റേപ്പ് ഇന്‍ ഇന്ത്യ പരാമര്‍ശത്തില്‍ മാപ്പ് പറയണമെന്ന് വ്യാപകമായി ഉയര്‍ന്നിരുന്നു. എന്നാല്‍ മാപ്പ് പറയാന്‍ താന്‍ സവര്‍ക്കര്‍ അല്ലെന്ന് രാഹുല്‍ ഗാന്ധിയുടെ പ്രസ്താവന നടത്തിയത് പ്രശ്‌നം ഒന്നുകൂടി സങ്കീര്‍ണ്ണമാക്കുകയായിരുന്നു. മഹാരാഷ്‌ട്രയിലെ സഖ്യമാണെന്ന് കൂടി കണക്കിലെടുക്കാതെ ഇതിനെതിരെ ശിവസേന രൂക്ഷമായാണ് രാഹുലിനെ വിമര്‍ശിച്ചത്.
















