ന്യൂദല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്ത് കരുതികൂട്ടിയുള്ള അക്രമങ്ങളും പ്രശ്‌നങ്ങളും അഴിച്ചു വിടാന്‍ സ്ഥാപിത താല്‍പര്യമുള്ള ചിലര്‍ ശ്രമിക്കുന്നുണ്ടെന്നതിന് ഒരു തെളിവ് കൂടി.
പൗരത്വ ബില്ലിനെതിരെ പോലീസുകാരും സമരത്തിനിറങ്ങിയെന്ന രീതിയില്‍ സമൂഹമാധ്യമങ്ങളില്‍ ചിത്രങ്ങള്‍ പ്രചരിച്ചിരുന്നു. ഈ കള്ളപ്രചാരങ്ങള്‍ ഇപ്പോള്‍ പൊളിഞ്ഞിരിക്കുകയാണ്. മൊയ്‌സുദ്ദിന്‍ ഖാജ എന്ന ആളുടെ ഫെയ്‌സ്ബുക്ക് അക്കൗണ്ടിലൂടെയാണ് ചിത്രം പ്രചരിച്ചത്. ‘ഇത് ഒരു ചവിട്ട് പടി മാത്രമാണ്, ഇന്‍ഷാ അള്ളാഹ്…വിപ്ലവം വരും’ എന്ന പോസ്‌റ്റോടു കൂടിയായിരുന്നു ഖാജയുടെ ചിത്രം.
നോ..എന്‍ആര്‍സി, നോ..സിഎഎ തുടങ്ങിയ പ്ലക്കാര്‍ഡുകളേന്തി പോലീസുകാര്‍ സമരം ചെയ്യുന്ന ചിത്രമായിരുന്നു ഇത്. ചിത്രത്തിന് താഴെ നിരവധി പേര്‍ എഡിറ്റ് ചെയ്യപ്പെട്ട ചിത്രമാണിതെന്ന് കമന്റ് ചെയ്തിട്ടുണ്ട്. ആ കമന്റുകളെല്ലാം സത്യമാണെന്ന് തെളിഞ്ഞിരിക്കുകയാണ്. ചിത്രം ഫോട്ടോഷോപ്പില്‍ എഡിറ്റ് ചെയ്തതാണെന്ന് വ്യക്തമായി. 2700 പേര്‍ ചിത്രം ഷെയര്‍ ചെയ്തിരുന്നു. ഇത്തരം വ്യാജ പ്രചരണങ്ങളാണ് പ്രക്ഷോഭങ്ങള്‍ക്ക് വഴിവയ്‌ക്കുന്നത്.
മൊയ്‌സുദ്ദീന്‍ ഖാജ പ്രജ പ്രചരിപ്പിച്ച ചിത്രം കൂടുതലായി വിശകലനം ചെയ്തപ്പോള്‍ ചിത്രം ‘ദി വീക്ക്’ എന്ന് ആഴ്ചപതിപ്പിലെ ലേഖനത്തില്‍ നിന്ന് കണ്ടെത്താനായി. യഥാര്‍ഥ ചിത്രത്തില്‍ പോലീസുകാരുടെ പ്ലക്കാര്‍ഡുകളില്‍ എഴുതിയിരിക്കുന്നത് ‘പോലീസുകാരും മനുഷ്യരാണ്’ എന്നാണ്. അതിലെ മറ്റൊരു പ്ലക്കാര്‍ഡില്‍ കപില്‍ തന്‍വാര്‍ എന്നയാളെ അറസ്റ്റ് ചെയ്യണമെന്നാണ്.
പാര്‍ക്കിങിനെ ചൊല്ലി ദല്‍ഹി ടിസ് ഹസാരി കോടതിയില്‍ നവംബര്‍ രണ്ടിന് പോലീസുകാരും അഭിഭാഷകരും തമ്മിലുള്ള സംഘര്‍ഷത്തിന്റെ ഭാഗമായുള്ള ചിത്രമാണിത്.
















