ന്യൂദല്‍ഹി : കൊടുംശൈത്യത്തില്‍ ദല്‍ഹിയിലെ തെരുവുകളില്‍ കഴിയുന്നവര്‍ക്ക് കമ്പിളിപ്പുതപ്പുകള്‍ നല്‍കി ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ള. തലസ്ഥാനത്ത് തണുപ്പ് വര്‍ധിച്ചു വരികയിലാണ്. ഈസമയത്ത് തെരുവില്‍ കഴിയുക ദുസ്സഹമാണ് ഇതോടെയാണ് അവര്‍ക്ക് ആശ്വാസമായി കമ്പിളികള്‍ നല്‍കാന്‍ തീരുമാനിച്ചത്.
ദല്‍ഹി എയിംസ് ആശുപത്രിക്ക് സമീപത്തുള്ളവര്‍ക്കാണ് നിലവില്‍ കമ്പിളി നല്‍കിയത്. ഇത്തരം ശ്രമങ്ങള്‍ അവരുടെ പ്രശ്‌നങ്ങള്‍ അവസാനിപ്പിക്കില്ലെങ്കിലും അവര്‍ക്ക് താത്ക്കാലിക ആശ്വാസം നല്‍കുമെന്നും സ്പീക്കര്‍ പറഞ്ഞു. ഇതില്‍ പങ്കാളികളായ എല്ലാ സംഘടനകള്‍ക്കും നന്ദി അറിയിക്കുന്നുവെന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.
ഇവരുടെ ചിത്രങ്ങളും ട്വീറ്റിനൊപ്പം അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. 6.4 ഡിഗ്രി സെല്‍ഷ്യസാണ് ദല്‍ഹിയിലെ ഇപ്പോഴത്തെ കുറഞ്ഞ താപനില. മൂടല്‍ മഞ്ഞിനെ തുടര്‍ന്ന് ദല്‍ഹിയിലേക്കുള്ള 46 വിമാന സര്‍വ്വീസുകളാണ് വഴി തിരിച്ച് വിട്ടിരിക്കുകയാണ്. 19 സര്‍വീസുകള്‍ റദ്ദാക്കി. 700-ഓളം വിമാനങ്ങള്‍ വൈകി. കനത്ത മഞ്ഞുവീഴ്ച ട്രെയിന്‍ ഗതാഗതത്തേയും ബാധിച്ചിട്ടുണ്ട്. പലട്രെയിനുകളും വൈകിയാണ് ഓടുന്നത്.
















