ന്യൂദല്‍ഹി : ഇന്ത്യയും ഒമാനും തമ്മിലുള്ള സഹകരണം മെച്ചപ്പെടുത്തുന്നു. ഇതിന്റെ ഭാഗമായി ഇരു രാജ്യങ്ങളും തമ്മില്‍ സമുദ്ര ഗതാഗത കരാറിലും ഒപ്പുവെയ്‌ക്കുകയാണ്. വിദേശകാര്യ വകുപ്പ് മന്ത്രി എസ്. ജയശങ്കറിന്റെ ഒമാന്‍ സന്ദര്‍ശനവേളയില്‍ കരാര്‍ പ്രാബല്യത്തിലാകും.
ഇന്ത്യയുമായി മികച്ച സമുദ്രസഹകരണം നിലനിര്‍ത്തുന്ന രാജ്യമാണ് ഒമാന്‍. 2018 ഫെബ്രുവരിയിലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഒമാന്‍ സന്ദര്‍ശനത്തിന് ശേഷം ഇരു രാജ്യങ്ങള്‍ക്കുമിടയിലെ നയതന്ത്ര സഹകരണം ശക്തമായിരുന്നു. അതിനു പിന്നാലെയാണ് ഇന്ത്യയും ഒമാനും തമ്മില്‍ കരാറിലെത്തുന്നത്.
ഡിസംബര്‍ 22,23 തീയതികളില്‍ നടക്കുന്ന ഇറാന്‍ സന്ദര്‍ശനത്തിന് ശേഷമായിരിക്കും വിദേശകാര്യ വകുപ്പ് മന്ത്രി ഒമാന്‍ സന്ദര്‍ശിക്കുക. ഇറാന്‍ വിദേശകാര്യ മന്ത്രി ജാവേദ് ഷെരീഫുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. അദ്ദേഹം ഇറാന്‍ പ്രസിഡന്റ് ഹസ്സന്‍ റൂഹാനിയേയും കേന്ദ്രവിദേശകാര്യമന്ത്രി സന്ദര്‍ശിക്കും.
പരസ്പര സഹകരണം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ഒമാന്‍ വിദേശകാര്യ മന്ത്രി യൂസഫ് ബിന്‍ അലവി ബിന്‍ അബ്ദുള്ളയുമായും മറ്റ് മന്ത്രിമാരുമായും ജെയ്ശങ്കര്‍ കൂടിക്കാഴ്ച നടത്തും. മസ്‌കറ്റിലെ ഇന്ത്യന്‍ സമൂഹവുമായും അദ്ദേഹം കൂടിക്കാഴ്‌ച്ച നടത്തും. രണ്ടാം എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷമുള്ള ഇന്ത്യന്‍ വിദേശകാര്യ മന്ത്രിയുടെ ആദ്യ ഒമാന്‍ സന്ദര്‍ശനമാണ് ഇത്. ഗള്‍ഫ് മേഖലയുമായുള്ള ഇന്ത്യയുടെ ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമാണ് ഈ സന്ദര്‍ശനമെന്ന് വിദേശകാര്യ വകുപ്പ് മന്ത്രി അറിയിച്ചു.
ഒമാന്റെ ഏറ്റവും അടുത്ത വ്യാപാര പങ്കാളിയാണ് ഇന്ത്യ. കഴിഞ്ഞ വര്‍ഷം ഒമാനില്‍ നിന്നും അസംസ്‌കൃത എണ്ണ ഇറക്കുമതിയില്‍ രണ്ടാം സ്ഥാനത്താണ് ഇന്ത്യ. 2018-19 കാലഘട്ടത്തില്‍ ഇരു രാജ്യങ്ങളും തമ്മില്‍ 5 ബില്ല്യണ്‍ ഡോളറിന്റെ വ്യാപാരം നടന്നിരുന്നു. ഇത്തരത്തില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര ബന്ധവും ദൃഢമാണ്. 78000 ഇന്ത്യാക്കാരാണ് ഒമാനിലുള്ളത്.
















