ന്യൂദല്‍ഹി : പൗരത്വ ഭേദഗതി നിയമത്തിന് പിന്തുണ നല്‍കി ഇന്ന് ദല്‍ഹിയില്‍ നടക്കുന്ന റാലിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കും. രാവിലെ പതിനൊന്ന് മണിക്ക് രാംലീല മൈതാനിയില്‍ നടക്കുന്ന യോഗത്തില്‍ വിശാല്‍ റാലിയെ അഭിസംബോധന ചെയ്ത് മോദി സംസാരിക്കും.
പൗരത്വ നിയമഭേദഗതിയുമായി ബന്ധപ്പെട്ട സമീപകാല സംഭവങ്ങളിലെ നിലപാട് മോദി വ്യക്തമാക്കും. കേന്ദ്രമന്ത്രിമാരും, പാര്‍ട്ടി മുതിര്‍ന്ന നേതാക്കളും റാലിയില്‍ ഇതോടൊപ്പം പങ്കെടുക്കും.
ഡല്‍ഹി തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് റാലി സംഘടിപ്പിച്ചിരിക്കുന്നത്. പ്രധാനമന്ത്രിക്ക് നേരെ വധശ്രമമുണ്ടായേക്കുമെന്ന് രഹസ്യാന്വേഷണവിഭാഗത്തിന്റെ മുന്നറിയിപ്പിനെ തുടര്‍ന്ന് റാലിക്ക് കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ദല്‍ഹി പോലീസിനും, എസ്പിജിക്കും ഇത് സംബന്ധിച്ച വിവരങ്ങള്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ കൈമാറിയിട്ടുണ്ട്.
















