ശ്ലോകം 12
സമ്യഗ് വിചാരത: .സിദ്ധാ രജ്ജൂതത്ത്വാവധാരണാ ഭ്രാന്ത്രേ്യാദിതമഹാസര്‍പ്പ ഭവദു:ഖവിനാശിനീ
കയറ് കണ്ട് പാമ്പാണെന്ന് തെറ്റിദ്ധരിച്ചതുമൂലമുണ്ടായ ഭയവും ദു:ഖവും ശരിയായ വിചാരത്തിലൂടെ അത് കയറാണെന്ന് ബോധ്യമാകുമ്പോള്‍ ഇല്ലാതാകും. വേദാന്തത്തിലെ വളരെ പ്രസിദ്ധമായ രജ്ജുസര്‍പ്പ ദൃഷ്ടാന്തമാണ് ഇവിടെ പറഞ്ഞിരിക്കുന്നത്. അരണ്ട വെളിച്ചത്തില്‍ കയറിന്റെ കഷ്ണം വഴിയില്‍ കിടക്കുന്നതു കണ്ട് സര്പ്പമാണെന്ന് തെറ്റിദ്ധരിക്കുന്നു. അതുമൂലം ഭയവും ദു:ഖവും അനുഭവിക്കുന്നു. എന്നാല്‍ അത് കയറാണ് എന്ന് മനസ്സിലാകുമ്പോള്‍ അതുവരെയുണ്ടായിരുന്ന എല്ലാ ഭ്രമങ്ങളും വിട്ടകലുന്നു.?
കര്‍മ്മത്തിലൂടെ ആത്മസാക്ഷാത്കാരം നേടാനാകില്ല എന്നതിനേയും സമ്യക് വിചാരത്തിലൂടെ അതെങ്ങനെ സാധിക്കുന്നു എന്നതിനേയും വ്യക്തമാക്കാനാണ് കയറും പാമ്പും ഉദാഹരണത്തെ ഇവിടെവിവരിക്കുന്നത്. അറിവില്ലായ്മ മൂലം യഥാര്‍ത്ഥ വസ്തുവിനെ തിരിച്ചറിയാതിരിക്കുകയും അതിനെ മറ്റൊന്നായി കണ്ട് വിഷമങ്ങള്‍ ഉണ്ടാകുന്നതുമാണ് ഇതിലൂടെ പറയുന്നത്. വാസ്തവത്തിലുള്ളത് ആത്മവസ്തുവാണ് പക്ഷേ അറിവില്ലായ്മ മൂലം അതിനെ അറിയാന്‍ കഴിയാതിരിക്കുകയും പലതരത്തിലുള്ള നാമരൂപങ്ങളുടെ ഭ്രാന്തി ഉണ്ടാകുകയും ചെയ്യും. വാസ്തവമായ ആധാര വസ്തുവിനെ അറിയുമ്പോള്‍ എല്ലാ തെറ്റിദ്ധാരണകളും നീങ്ങുകയും ചെയ്യും.
കയറിനെ കാണാതെ അത് പാമ്പാണെന്ന് കരുതുന്നവര്‍ക്ക് ചിലപ്പോള്‍ പാമ്പ് കടിച്ചതായി തോന്നിയേക്കാം. വിഷം തീണ്ടിയാലുണ്ടാകുന്നതായ ശാരീരിക അസ്വസ്ഥതകളും ലക്ഷണങ്ങളും വരെ അവര്‍ കാണിച്ചേക്കാം. എന്നാല്‍ അത് കയറാണ് പാമ്പല്ല എന്ന് അറിയാവുന്നയാള്‍ ബോധ്യപ്പെടുത്തി കൊടുക്കുമ്പോള്‍ അനാവശ്യമായി വന്നുപ്പെട്ട ആ അവസ്ഥയ്ക്ക് ഏറെക്കുറെ സമാധാനമാകും. എങ്കിലും പൂര്‍ണ്ണമായി ബോധിക്കണമെങ്കില്‍ താന്‍ തന്നെ നേരിട്ട് കണ്ട് അത് അത് പാമ്പല്ല കയറാണ് എന്ന് ഉറപ്പ് വരുത്തേണ്ടി വരും. നീണ്ടു നിവര്‍ന്നോ, ചുരുണ്ടുകൂടിയോ, പത്തി വിടര്‍ത്തിയോ ഒക്കെ താന്‍ കണ്ട പാമ്പ് വാസ്തവത്തില്‍ വെറും കയറിന്റെ ഒരു കഷ്ണം മാത്രമെന്ന് നല്ല വെളിച്ചത്തില്‍ തിരിച്ചറിയുമ്പോള്‍ സകല പേടിയും പമ്പ കടക്കും. പിന്നെ കയര്‍ കഷ്ണത്തിന് അയാളെ പേടിപ്പിക്കാനാവില്ല. അല്ലെങ്കിലും കയര്‍ അല്ല പേടിപ്പിച്ചത്; അയാളിലുണ്ടായ ഭ്രാന്തിയാണ് പലതും തെറ്റായി തോന്നിപ്പിച്ചത്.
എന്നാല്‍ ഇരുട്ടില്‍ വച്ച് തന്നെ ആ ഇല്ലാത്ത പാമ്പിനെ അടിച്ചു കൊല്ലാന്‍ നോക്കിയാലും കയര്‍ കത്തിച്ചു കളഞ്ഞാലും വിഭ്രാന്തിയില്‍ പെട്ടയാള്‍ക്ക് യാഥാര്‍ത്ഥ്യത്തിലേക്ക് തിരിച്ചുവരാനാകില്ല. പാമ്പ് തന്നെയാണ് കടിച്ചതെന്ന് കരുതുകയും അതിന്റെ വേദനയും ഭയവും ഒക്കെ പ്രകടമാക്കുകയും ചെയ്യും. കണ്ടതോ, കടിച്ചതോ ( തോന്നിച്ചതോ) പാമ്പല്ല എന്നും അത് വെറും കയര്‍ കഷ്ണമാണെന്നും ബോധ്യപ്പെടും വരെ എല്ലാ ഭ്രമവും നിലനില്ക്കും.
ഒരുപാട് കര്‍മ്മങ്ങള്‍ ചെയ്യുന്നതിലൂടെ വാസ്തവം ഉറയ്ക്കില്ല. അത് സ്വയം വിചാരം ചെയ്ത് ഉറപ്പിക്കേണ്ടതാണ്.കയര്‍ കഷ്ണം തല്ലിച്ചതയ്ക്കുന്നതോ ചുട്ടുകരിക്കുന്നതോ ഒന്നും പരിഹാരമല്ല. അവിടെ വേണ്ടത് വെളിച്ചമാണ്. വെട്ടത്തിന്റെ വെളിച്ചത്തില്‍ പാമ്പിനേയും കയറിനേയും വേര്‍തിരിച്ചറിയാന്‍ പ്രയാസമില്ല. അപ്പോള്‍ ഇതാണ് തന്നെ പേടിപ്പിച്ചതും കടിച്ചതും എന്ന് വളരെ എളുപ്പം ബോധ്യപ്പെടും.
ഇതുപോലെ എത്രകാലം കര്‍മ്മം അനുഷ്ഠിച്ചാലും ആത്മസാക്ഷാത്കാര അനുഭൂതി ഉണ്ടാകില്ല. അതിന് വിവേക വിചാരം തന്നെ വേണം. പരമാര്‍ത്ഥ തത്ത്വത്തെ അറിയാത്തതിനാലും അതിനെ തെറ്റിദ്ധരിക്കുന്നതുകൊണ്ടുമാണ് നാം സംസാരദു:ഖങ്ങള്‍ അനുഭവിക്കുന്നത്. അറിവില്ലായ്മയെ അജ്ഞാനം എന്നും വേറൊന്നായി കരുതുന്നതിനെ അന്യഥാ ജ്ഞാനമെന്നും പറയുന്നു. ശരിയായ വിചാരം കൊണ്ട് ഇവ രണ്ടിനേയും നിശ്ശേഷം നീക്കാനാവും. കയര്‍ മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളൂ. പാമ്പ് ആണെന്ന് കരുതിയപ്പോഴും അതിന് മുമ്പും പിമ്പും. ആത്മ വസ്തു മാത്രമേയുള്ളൂ എല്ലായ്പ്പോഴും. ഇക്കാണാകുന്ന നാമരൂപങ്ങള്‍ എല്ലാം ഭ്രാന്തിയാണ്. ആത്മ വസ്തുവിനെ വിചാരം ചെയ്ത് അറിയുമ്പോള്‍ ഇവയ്ക്കൊന്നും നിലനില്‍പ്പില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: