ന്യൂദല്‍ഹി: അതിര്‍ത്തി തര്‍ക്കങ്ങള്‍ക്ക് കൂടുതല്‍ പരിഹാരം കണ്ടെത്താനായി ഇന്ത്യയും ചൈനയും വീണ്ടും ചര്‍ച്ചയ്‌ക്കൊരുങ്ങുന്നു. ഇരു പ്രതിനിധികളും ശനിയാഴ്‌ച്ച ദള്‍ഹിയില്‍ സമ്മേളിക്കും. കാശ്മീര്‍വിഷയത്തില്‍ ചൈന സ്വികരിച്ച നിലപാട് ഇന്ത്യ – ചൈന ബന്ധത്തെ സാരമായി ബാധിച്ചിരുന്നു. നിലവിലെ സാഹചര്യത്തില്‍ ചര്‍ച്ച പ്രയോജനം ചെയ്യില്ലെന്നാണ് വിദഗ്ദരുടെ അഭിപ്രായം.
കാശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതും, ഇന്റര്‍നെറ്റ് സേവനം റദ്ദാക്കിയതുമള്‍പ്പെടെയുള്ള വിഷയങ്ങള്‍ യു.എന്‍ രക്ഷാസമിതിയില്‍ ഉയര്‍ത്താന്‍ ചൈന ശ്രമിച്ചിരുന്നു. അതിനാല്‍ ശനിയാഴ്ചത്തെ ചര്‍ച്ച എപ്രകാരം പുരോഗമിക്കുന്നു എന്നത് ഇന്ത്യയെ സംബന്ധിച്ച് പ്രധാനമാണ്.
കഴിഞ്ഞ വര്‍ഷം ചൈനയിലെ വുഹാനില്‍ നടന്ന ഇന്ത്യ-ചൈന ആദ്യ അനൗപചാരിക ഉച്ചകോടിക്ക് ശേഷം, മോദിയുടെയും സി ജിന്‍പിങിന്റെയും തന്ത്രപരമായ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ നിയന്ത്രണ രേഖയിലെ സ്ഥിതിഗതികള്‍ പരിഹരിക്കാന്‍ സഹായിച്ചെന്ന് ഇന്ത്യന്‍ സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്ത് പറഞ്ഞു.
ഇതിനിടെ ഇന്ത്യയുടെ ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലും, ചൈനീസ് വിദേശകാര്യ മന്ത്രി വാങിയും തമ്മില്‍ ഹൈബരാബാദ് ഹൗസില്‍ കൂടിക്കാഴ്‌ച്ച നടത്തും. ചര്‍ച്ച ഇന്ത്യ-ചൈന ബന്ധത്തിന് കൂടുതല്‍ സഹായമാവുമെന്നാണ് ഇന്ത്യന്‍ വിദേശകാര്യ വൃത്തങ്ങള്‍ കരുതുന്നത്.
















