ന്യൂദല്‍ഹി: രാജ്യത്തെ ജനങ്ങളില്‍ പൗരത്വ ഭേദഗതിയെകുറിച്ചുള്ള അവബോധം സൃഷ്ടിക്കാന്‍ രാഷ്‌ട്രീയ സ്വയംസേവക് സംഘ്. ആര്‍എസ്എസ് പ്രവര്‍ത്തകര്‍ എല്ലാ വീടുകളിലും എത്തി നിയമത്തെക്കുറിച്ച് വിശദീകരിക്കുമെന്ന് പ്രാന്തീയ അധികാരി ഭാരത് ശര്‍മ്മയാണ് ഇക്കാര്യം അറിയിച്ചത്. വ്യാജ വാര്‍ത്തകളെ തുടര്‍ന്ന് രാജ്യത്ത് പലയിടങ്ങളിലും സംഘര്‍ഷം തുടരുന്ന സാഹചര്യത്തിലാണ് തീരുമാനമെന്ന് അദേഹം അറിയിച്ചു.
3-4 ദിവസത്തിനുള്ളില്‍ ഞങ്ങള്‍ക്ക് രാജ്യത്ത് ഐക്യവും സമാധാനവും കൊണ്ടുവരാന്‍ സാധിക്കും. പൗരത്വ ഭേദഗതിയുടെ നിജസ്ഥിതി ഓരോവീടുകളിലും പ്രവര്‍ത്തകര്‍ ചെന്ന് ബോധവത്കരണം നടത്തും. യുവാക്കളില്‍ നിന്ന് സംഘര്‍ഷങ്ങള്‍ക്കു കാരണമാകുന്ന മിഥ്യധാരണകള്‍ തുടച്ചുനീക്കുമെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങള്‍ ആദ്യം പൗരത്വ ഭേദഗതി എന്താണെന്ന് പഠിക്കണം. ഒരുതരത്തിലുള്ള ഹിംസപ്രവര്‍ത്തനങ്ങളെയും അനുകൂലിക്കുന്നില്ല. ആളുകള്‍ കൂട്ടം കൂട്ടമായി പോലീസിനെ കല്ലെറിഞ്ഞാല്‍ അവര്‍ക്ക് എന്താണ് ചെയ്യാന്‍ കഴിയുകയെന്നും അദ്ദേഹം ചോദിച്ചു.
രാജ്യസുരക്ഷയെ മുന്‍ നിര്‍ത്തി കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന പൗരത്വ നിയമ ഭേദഗതിയെക്കുറിച്ച് വിശദീകരിക്കാന്‍ നേരിട്ടിറങ്ങുമെന്ന് ബിജെപി അറിയിച്ചു. പത്തു ദിവസത്തിനുള്ളില്‍ രാജ്യവ്യാപക പ്രചരണം ആരംഭിക്കുമെന്ന് ബിജെപി വ്യക്തമാക്കി. പ്രചരണത്തിന്റെ ഭാഗമായി രാജ്യമെമ്പാടും 1000 റാലികള്‍ നടത്തും. പൗരത്വ ഭേദഗതി നിയമത്തെ വിശദീകരിച്ചുകൊണ്ട് 250 ലധികം സ്ഥലങ്ങളില്‍ വാര്‍ത്താസമ്മേളനങ്ങള്‍ നടത്തും.
എല്ലാ വീടുകളിലും കയറി ഇറങ്ങിയുള്ള ബോധവത്കരണവും നടത്തുമെന്ന് ബിജെപി ആസ്ഥാനത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ജനറല്‍ സെക്രട്ടറി ഭൂപേന്ദര്‍ യാദവ് വ്യക്തമാക്കി. എല്ലാ കുടുംബങ്ങളില്‍ പൗരത്വ നിയമ ഭേദഗതിയെപ്പറ്റിയുള്ള നിലപാടുകള്‍ എത്തിക്കുക എന്നതാണ് ലക്ഷ്യം. സമ്പര്‍ക്ക് അഭിയാന്‍ എന്നാണ് ബിജെപിയുടെ പത്തു ദിവസത്തെ പ്രചാരണ പരിപാടിക്ക് പേരിട്ടിരിക്കുന്നത്. ജനങ്ങളുടെ മുന്നില്‍ നിയമത്തിന്റെ യഥാര്‍ഥ വസ്തുത എത്തിക്കാനാണ് ഞങ്ങള്‍ ശ്രമിക്കുന്നതെന്ന് ഭൂപേന്ദര്‍ യാദവ് പറയുന്നു. തെറ്റിദ്ധാരണ പരത്തുന്ന പ്രതിപക്ഷ പ്രചാരണങ്ങള്‍ ജനങ്ങളെ ബോധ്യപ്പെടുത്തുമെന്ന് അദേഹം വ്യക്തമാക്കി. താഴേത്തട്ടില്‍ നിന്ന് പ്രചാരണം തുടങ്ങും. വീടുവീടാന്തരം കയറി ദേശീയ പൗരത്വ റജിസ്റ്ററിനെക്കുറിച്ച് വിശദീകരിക്കലാണ് ആദ്യപടി.
ഇത്തരമൊരു നിര്‍ദേശം ബിജെപി കീഴ്ഘടകങ്ങള്‍ക്ക് നല്‍കിക്കഴിഞ്ഞു. പിന്നീടാണ് നിയമഭേദഗതിക്ക് അനുകൂലമായി രാജ്യത്ത് ആയിരം റാലികള്‍ സംഘടിപ്പിക്കുക. തുടര്‍ന്ന് ബിജെപിയുടെ എല്ലാ സോഷ്യല്‍ മീഡിയ നെറ്റ്വര്‍ക്കുകളിലൂടെയും ജനങ്ങളെ ബോധവന്‍മാരാക്കുമെന്നും അദേഹം വ്യക്തമാക്കി. എല്ലാ സംസ്ഥാനങ്ങിലെയുംബിജെപിയുടെ ട്വിറ്റര്‍, ഫേസ്ബുക്ക് യൂട്യൂബ് അക്കൗണ്ടിലടക്കം പ്രചാരണപ്രവര്‍ത്തനങ്ങളും വീഡിയോകളും പ്രസിദ്ധീകരിച്ച് തുടങ്ങിയതായും ഭൂപേന്ദര്‍ യാദവ് വ്യക്തമാക്കി.
















