ന്യൂദല്‍ഹി : പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ടായ സംഘര്‍ഷത്തില്‍ റെയില്‍വേയ്‌ക്കുണ്ടായത് 90 കോടിയുടെ നഷ്ടം. അക്രമാസക്തരായ ജനങ്ങള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ട്രെയിന്‍ ബോഗികള്‍ തീവെച്ച് നശിപ്പിക്കുകയും ചെയ്തു.
കിഴക്കന്‍ റെയില്‍വേ വിഭാഗത്തിലാണ് ഏറ്റവും കൂടുതല്‍ നഷ്ടം ഉണ്ടായത്. 72 കോടിയുടെ റെയില്‍വേ വസ്തുവകകള്‍ക്കാണ് നാശം സംഭവിച്ചിട്ടുള്ളത്. ജനങ്ങൡ നിന്നുള്ള പ്രതിഷേധം മൂലം ചില സ്ഥലങ്ങളിലെ സര്‍വ്വീസും റെയില്‍വേ നിര്‍ത്തിവെച്ചിരുന്നു. ഇതോടെയാണ് നഷ്ടം വീണ്ടും വര്‍ധിച്ചതെന്ന് റെയില്‍വേ പ്രൊട്ടക്ഷന്‍ഫോഴ്‌സ് ഡയറക്ടര്‍ ജനറല്‍ അരുണ്‍ കുമാര്‍ അറിയിച്ചു. കഴിഞ്ഞ 10 ദിവസത്തിനിടെയാണ് ഏറ്റവും കൂടുതല്‍ നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ബംഗാളിലാണ് ഏറ്റവും കൂടുതല്‍ പ്രതിഷേധം അരങ്ങേറിയത്. ഹൗറ, സീല്‍ഡ, മാല്‍ഡ എന്നീ ഡിവിഷനുകളെയാണ് അക്രമം കൂടുതല്‍ ബാധിച്ചത്. വടക്ക് കിഴക്കന്‍ റെയില്‍വേയാണ് നഷ്ടത്തില്‍ രണ്ടാമത്. 12.75 കോടിയുടെ നഷ്ടമുണ്ടായി. 2.98 കോടി രൂപയുടെ നഷ്ടമാണ് ഇവിടെ ഉണ്ടായിട്ടുള്ളത്. അതേസമയം പൊതുമുതല്‍ നശിപ്പിച്ച കുറ്റത്തിന് സംഭവത്തില്‍ ഇതുവരെ 85 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. വീഡിയോ ദൃശ്യങ്ങളിലൂടെ തിരിച്ചറിഞ്ഞവര്‍ക്കെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
















