ബാംഗ്ലൂര്‍: കര്‍ണാടകയുടെ സുരക്ഷക്കാണ് ഏറ്റവും വലിയ പ്രധാന്യമെന്ന് മുഖ്യമന്ത്രി ബി.എസ് യെദിയൂരപ്പ. സംസ്ഥാനത്ത് സുരക്ഷ ഒരുക്കുന്നതിന്റെ ഭാഗമായാണ് പരിശോധനകള്‍ കര്‍ശനമാക്കിയത്. കേരളത്തില്‍ നിന്ന് മംഗലാപുരത്തെ പ്രശ്നബാധിത പ്രദേശത്ത് റിപ്പോര്‍ട്ടിംഗിനായി എത്തിയ മാധ്യമ പ്രവര്‍ത്തകരുടെ പക്കല്‍ മതിയായ രേഖകള്‍ ഇല്ലായിരുന്നുവെന്നും അദേഹം പറഞ്ഞു. സര്‍ക്കാര്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് അനുവദിക്കുന്ന അക്രഡേഷന്‍ കാര്‍ഡ് കൈവശം ഇല്ലാതിരുന്നതിനാലാണ് പോലീസ് വ്യക്തത വരുത്താന്‍ കസ്റ്റഡിയില്‍ എടുത്തതെന്നും യെദ്യൂരപ്പ പറഞ്ഞു . കാര്യങ്ങള്‍ വ്യക്തമായപ്പോള്‍ അവരെ പോലീസ് തന്നെ കേരള അതിര്‍ത്തിയില്‍ സുരക്ഷിതമായി കൊണ്ടാക്കുകയും ചെയ്തെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രതിഷേധം തീരുന്നതുവരെ കേരളത്തില്‍ നിന്ന് എത്തുന്നവരെ ഇനിയും അതിര്‍ത്തികളില്‍ തടയുമെന്ന് മംഗളൂരു പോലീസ് വ്യക്തമാക്കി. കേരളത്തിനോട് ചേര്‍ന്ന കിടക്കുന്ന കര്‍ണാടകയിലെ നഗരമാണ് മംഗലാപുരം. നിരന്തര പ്രശ്നബാധിത പ്രദേശമായ ഇവിടെ പ്രതിഷേധ പരിപാടികളില്‍ പ്രശ്നമുണ്ടാക്കി പിടിയിലാകുന്നതില്‍ ഭൂരിഭാഗവും മലയാളികളാണ്. ഇക്കഴിഞ്ഞ പ്രതിഷേധ പരിപാടിയില്‍ പങ്കെടുക്കാന്‍ കേരളത്തില്‍ നിന്നും നിരവധി ആള്‍ക്കാര്‍ എത്തിയിരുന്നതായും കലാപം അഴിച്ചുവിടുകയായിരുന്നു അവരുടെ ലക്ഷ്യം എന്നും മംഗലാപുരം പോലീസ് പറയുന്നു. മംഗലാപുരം ഇപ്പോള്‍ ശാന്തമായി തുടരുകയാണ്. മുഖ്യമന്ത്രി യെദിയൂരപ്പ ഇന്ന് മംഗലാപുരം സന്ദര്‍ശനം നടത്തി.
















