ഹൈദരാബാദ് : വെറ്ററിനറി ഡോക്ടറെ ക്രൂരമായി പീഡിപ്പിച്ചുകൊന്ന കേസിലെ പ്രതികള്‍ പോലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ റീ പോസ്റ്റുമോര്‍ട്ടം നടത്തണമെന്ന് തെലങ്കാന ഹൈക്കോടതി. പ്രതികളുടെ മരണം സംബന്ധിച്ച് നിരവധി ആരോപണങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് വീണ്ടും പരിശോധന നടത്താന്‍ ഹൈക്കോടതി ഉത്തരവിട്ടിരിക്കുന്നത്.
തിങ്കളാഴ്ച വൈകിട്ട് അഞ്ചുമണിക്ക് മുന്‍പ് പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി ബന്ധുക്കള്‍ക്ക് വിട്ടു നല്‍കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. വെറ്ററിനറി ഡോക്ടറുടെ കൊലപാതകം പുനരാവിഷ്‌കരിച്ച് തെളിവെടുപ്പ് നടത്തുന്നതിനിടയില്‍ പ്രതികള്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടയിലാണ് പോലീസ് വെടിയുതിര്‍ക്കുകയായിരുന്നു. ഇതുസംബന്ധിച്ച് അന്വേഷണം വേണമെന്ന് പ്രതികളുടെ ബന്ധുക്കള്‍ ആവശ്യപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്നാണ് ഹൈക്കോടതി വീണ്ടും പരിശോധന നടത്താന്‍ ഉത്തരവിട്ടത്.
കഴിഞ്ഞ ഡിസംബര്‍ ആറിനാണ് പ്രതികള്‍ കൊല്ലപ്പെടുന്നത്. തുടര്‍ന്ന് നാലുപേരുടെയും മൃതദേഹങ്ങള്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. നവംബര്‍ 27നാണ് വെറ്ററിനറി ഡോക്ടര്‍ കൂട്ട ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടത്. നാലുപേരും ചേര്‍ന്ന് പീഡിപ്പിച്ച് കൊന്നശേഷം മൃതദേഹം പാലത്തിനു താഴെ കൊണ്ടുവന്ന് കത്തിക്കുകയായിരുന്നു.
സംഭവത്തില്‍ രാജ്യവ്യാപകമായി പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതിനു പിന്നാലെയാണ് പ്രതികള്‍ അറസറ്റിലാവുന്നതും കൊല്ലപ്പെടുന്നതും. സംഭവത്തിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിയാളുകള്‍ രംഗത്ത് എത്തിയിരുന്നു. എന്നാല്‍ തെളിവെടുപ്പിനിടെ പ്രതികള്‍ പോലീസുകാര്‍ക്ക് നേരെ കല്ലെറിയുകയും വെടിവെയ്‌ക്കാന്‍ ശ്രമിക്കുകയും ചെയ്തതോടെയാണ് ഇവരെ വെടിവെച്ചുകൊന്നതെന്നാണ് പോലീസ് അറിയിച്ചത്.
അതേസമയം ഏറ്റമുട്ടലിനെ കുറിടച്ച് അന്വേഷിക്കാന്‍ സുപ്രീംകോടതിയും പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. വിരമിച്ച ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിനെയാണ് അന്വേഷിക്കാനായി സുപ്രീംകോടതി ചുമതലപ്പെടുത്തിയിരിക്കുന്നത്.
















