വിശാഖപട്ടണം/ വിജയവാഡ : പാക്കിസ്ഥാന് വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയ നാവികാ ഉദ്യോഗസ്ഥര്‍ അറസ്റ്റില്‍. മുംബൈ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഹാവാല ഇടപാടുകാരും ഇതോടൊപ്പം അറസ്റ്റിലായിട്ടുണ്ട്. ഏഴ് നാവിക സേനാ ഉദ്യോഗസ്ഥരാണ് നിലവില്‍ അറസ്റ്റിലായിരിക്കുന്നത്
നാവിക സേനാ വിവരങ്ങള്‍ പാക് ചാര സംഘടനയ്‌ക്ക് ചോര്‍ത്തി നല്‍കുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) നടത്തിയ അന്വേഷണത്തിലാണ് ഇവര്‍ അറസ്റ്റിലായത്. ഓപ്പറേഷന്‍ ഡോള്‍ഫിന്‍ നോസ് എന്ന പേരില്‍ നടത്തിയ അന്വേഷണത്തില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നാണ് ഈ സംഘത്തെ പിടികൂടിയത്.
പ്രതികളെ കഴിഞ്ഞ ദിവസം വിജയവാഡയിലെ എന്‍ഐഎ കോടതിയില്‍ ഹാജരാക്കിയ ശേഷം ജനുവരി മൂന്ന് വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. കേന്ദ്ര- സംസ്ഥാന ഇന്റലിജന്‍സ് ഏജന്‍സികള്‍ നേവല്‍ ഇന്റലിജന്‍സുമായി ചേര്‍ന്ന് സംയുക്തമായി നടത്തിയ അന്വേഷണത്തിലാണ് ചാരപ്രവൃത്തി നടത്തിയ നാവികസേനാ ഉദ്യോഗസ്ഥരെ പിടികൂടിയത്. ഇതുമായി ബന്ധപ്പെട്ട് വിശദമായി അന്വേഷണം നടത്തി വരികയാണെന്ന് ആന്ധ്ര പോലീസ് അറിയിച്ചു.
















