ബെംഗളൂരു: തീവ്രമുസ്ലീം സംഘടനകള്‍ കലാപം അഴിച്ചുവിട്ട മംഗളൂരുവില്‍ കോണ്‍ഗ്രസ് പ്രതിനിധിസംഘത്തെ സന്ദര്‍ശിക്കാന്‍ അനുവദിക്കില്ലെന്ന് കര്‍ണാടക പോലീസ്. കലാപത്തിന് വീണ്ടും തിരി കൊളുത്താനാണ് കോണ്‍ഗ്രസ് സംഘം എത്തുന്നതെന്നാണ് പോലീസിന്റെ നിലപാട്. ഇതേ തുടര്‍ന്ന് മംഗളൂരുവിലേക്ക് എത്തിയ കോണ്‍ഗ്രസ് പ്രതിനിധിസംഘത്തെ പോലീസ് വഴിയില്‍ തടഞ്ഞു. സംഘര്‍ഷ സ്ഥലത്തേക്ക് വിമാനമാര്‍ഗം എത്താനുള്ള മുന്‍മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നീക്കവും പോലീസ് പൊളിച്ചു.
ബെംഗളൂരുവില്‍നിന്നു സ്വകാര്യവിമാനത്തില്‍ മംഗളൂരുവിലേക്ക് പോകാനായിരുന്നു സിദ്ധരാമയ്യയുടെ തീരുമാനം. സംസ്ഥാനസര്‍ക്കാര്‍ ഇതിന് അനുമതി നിഷേധിച്ചു. ആരോഗ്യപ്രശ്‌നങ്ങളുള്ളതിനാലാണ് പ്രത്യേക വിമാനത്തില്‍ മംഗളൂരുവിലേക്ക് പോകാന്‍ തീരുമാനിച്ചതെന്ന് സിദ്ധരാമയ്യ പറഞ്ഞു. എന്നാല്‍ പോലീസ് ഇതിന് അനുമതി നിഷേധിച്ചു.
അതേസമയം, പൗരത്വ ഭേദഗതിക്കെതിരെ കര്‍ണാടകത്തില്‍ അക്രമം അഴിച്ചുവിട്ടത് കേരളത്തില്‍ നിന്ന് എത്തിയവരാണെന്ന് ആഭ്യന്തര മന്ത്രി ബസവരാജ് ബൊമ്മൈ വ്യക്തമാക്കി. കൃത്യമായ ആസൂത്രണത്തോടെയാണ് ഇവര്‍ കലാപം അഴിച്ചുവിടാന്‍ കേരളത്തില്‍ നിന്ന് എത്തിയത്. ആയുധങ്ങളുമായാണ് ഇവര്‍ എത്തിയത്. പോലീസ് സ്റ്റേഷന്‍ തീയിടാന്‍ ശ്രമിച്ചപ്പോഴാണ് വെടിവച്ചതെന്നും മന്ത്രി വ്യക്തമാക്കിയത്. പ്രതിഷേധം സംഘര്‍ഷത്തിലേക്ക് വഴിമാറാനുള്ള സാധ്യത കണക്കിലെടുത്ത് മംഗളൂരുവില്‍ നേരത്തേ തന്നെ നിരോധനാജ്ഞ പുറപ്പെടുവിച്ചിരുന്നു.
മംഗളൂരു സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ മംഗളൂരൂ കമ്മീഷണറേറ്റ് പരിധിയില്‍ മുഴുവന്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു. നേരത്തെ അഞ്ച് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ മാത്രമായിരുന്നു കര്‍ഫ്യൂ. കര്‍ണാടകത്തിലെ മുഴുവന്‍ ജില്ലകളിലും ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് ബസവരാജ് ബൊമ്മൈ ഡല്‍ഹിയില്‍ പറഞ്ഞു. പൗരത്വനിയമഭേദഗതിയെക്കുറിച്ചുള്ള ചില തെറ്റിദ്ധാരണകള്‍ കാരണമാണ് ഈ പ്രതിഷേധങ്ങള്‍ നടക്കുന്നത്. അക്രമികളെ കര്‍ശനമായി നേരിടുമെന്നും ബസവരാജ് പറഞ്ഞു.
















