ന്യൂദല്‍ഹി : പൗരത്വ നിയമ ഭേദഗതി നിയമത്തില്‍ ഒരു ഇന്ത്യാക്കാരനും പൗരത്വം നിഷേധിക്കുന്നില്ല. ഇതുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ആളുകളെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് രൂക്ഷ വിമര്‍ശനവുമായി കേന്ദ്രധനമന്ത്രി നിര്‍മ്മല സീതാരാമന്‍. നിയമം സംബന്ധിച്ച് ജനങ്ങളെ പ്രകോപിപ്പിക്കാനാണ് ഇവര്‍ ശ്രമിക്കുന്നതെന്നും കുറ്റപ്പെടുത്തി.
പൗരത്വ നിയമ ഭേദഗതിയെ എന്‍ആര്‍സിയുമായി ബന്ധിപ്പിച്ച് ജനങ്ങളിലേക്ക് തെറ്റായ ആശയങ്ങളാണ് ഇവര്‍ പ്രചരിപ്പിക്കുന്നത്. കോണ്‍ഗ്രസ്, ആം ആദ്മി പാര്‍ട്ടി, ഇടതുപക്ഷം, ടിഎംസി തുടങ്ങിയ പാര്‍ട്ടികള്‍ ഒത്തൊരുമിച്ച് ജനങ്ങളില്‍ തെറ്റിദ്ധാരണ പരത്തുകയാണെന്നും അവര്‍ പറഞ്ഞു.
എന്‍ആര്‍സിയും, സിഎഎയും വിവേചനമാണ്. ബില്ലിനെതിരെയുള്ള പ്രതിഷേധക്കാരെ കേന്ദ്രസര്‍ക്കാര്‍ അവഗണിക്കുകയാണെന്നും സോണിയ ഗാന്ധി പ്രസ്താവന നടത്തിയിരുന്നു. ഇതിനെതിരെയാണ് നിര്‍മ്മല സീതാരാമന്‍ രംഗത്ത് എത്തിയത്.
ഒരു ഇന്ത്യാക്കാരനും പൗരത്വം നിഷേധിക്കുകയോ അവകാശങ്ങളെ ഇല്ലാതാക്കുകയോ ചെയ്യുന്ന ഒന്നല്ല പൗരത്വ നിയമം. ഇതുസംബന്ധിച്ച് ജനങ്ങള്‍ തന്നെ വായിച്ച് അറിയേണ്ടതാണ്. വ്യക്തത വരുത്തിയ ശേഷം മാത്രം ജനങ്ങള്‍ പ്രതികരിക്കണമെന്നും കേന്ദ്രമന്ത്രി പ്രതികരിച്ചു.
അയല്‍ രാജ്യങ്ങളില്‍ നിന്നും വേട്ടയാടപ്പെട്ടാണ് അവിടത്തെ ന്യൂനപക്ഷ സമുദായങ്ങള്‍ ഇന്ത്യയിലേക്ക് എത്തിയത്. ഇവര്‍ക്ക് സംരക്ഷണം നല്‍കുന്നതാണ് ബില്‍. ഇത്തരത്തില്‍ ഇന്ത്യയില്‍ എത്തപ്പെട്ട ന്യൂനപക്ഷ സമുദായങ്ങള്‍ 70 വര്‍ഷത്തോളം കാത്തിരുന്നശേഷമാണ് പുതിയ ബില്‍ കൊണ്ടുവന്നിരിക്കുന്നതെന്നും നിര്‍മ്മല സീതീരാമന്‍ കൂട്ടിച്ചേര്‍ത്തു.
















