ഗുവാഹത്തി : പൗരത്വ നിയമ ഭേദഗതില്‍ കേന്ദ്ര സര്‍ക്കാരിനെ പിന്തുണച്ച് അസമില്‍ പതിനായിരങ്ങള്‍ അണിനിരന്നു. പൗരത്വ നിയമത്തിന് അസം സംസ്ഥാനം എതിര്‍ക്കുകയാണെന്ന് വിധത്തില്‍ വാര്‍ത്തകള്‍ പ്രചരിക്കുന്നതിനിടെയാണ് അസമില്‍ പിന്തുണയര്‍പ്പിച്ച് പ്രകടനം അരങ്ങേറിയത്.
മുഖ്യമന്ത്രി സര്‍ബാനന്ദ് സോനോവാളിന്റെ നേതൃത്വത്തിലാണ് പടുകൂറ്റന്‍ റാലി സംഘടിപ്പിക്കപ്പെട്ടത്. അസം പൗരത്വനിയമത്തിനെതിരാണെന്ന് വരുത്തിതീര്‍ക്കാന്‍ ചില ഗൂഢ ശക്തികള്‍ നടത്തിയ പ്രചാരണത്തിനും തുടര്‍ന്ന് നടത്തിയ അക്രമത്തിനുമുള്ള ശക്തമായ മുന്നറിയിപ്പാണിതെന്നും സോനോവാള്‍ വ്യക്തമാക്കി.
അസം ജനത രാജ്യത്തിനൊപ്പമാണ്. സംസ്ഥാനത്തെ ജങ്ങളില്‍ പലരും ദേശവിരുദ്ധ ശക്തികള്‍ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. ഇതാണ് അക്രമ സംഭവങ്ങളിലേക്ക് എത്തിയത്. നിലവില്‍ അക്രമം നടന്ന പ്രദേശങ്ങള്‍ ശാന്തമാണ്.
ജനങ്ങളെ മുന്‍ നിര്‍ത്തി ദേശ വിരുദ്ധ അക്രമികള്‍ സംസ്ഥാനത്തെ റെയില്‍വേ സ്റ്റേഷനുകളും, പോസ്റ്റ് ഓഫീസുകളും, ബാങ്കുകളും, ബസ് സ്റ്റേഷനുകളും നശിപ്പിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് കര്‍ഫ്യൂ ഏര്‍പ്പെടുത്തിയത്. എന്നാല്‍ കഴിഞ്ഞ തിങ്കളാഴ്ചയോടെ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമായതായി സോനോവാള്‍ വ്യക്തമാക്കി.
പൗരത്വ ബില്‍ അസം ജനതയുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള വ്യക്തമായ നയമാണ്. ഒരു സമയത്ത് വന്‍കുടിയേറ്റം മൂലം അസം ജനതക്കുണ്ടായ സാംസ്‌കാരിക തകര്‍ച്ചയില്‍ എല്ലാവരും ബോധവാന്മാരാണ്. കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നിയമം സംസ്ഥാന ജനതയ്‌ക്ക് അനുകൂലമാണ്. പൗരത്വ ഭേദഗതി നിയമത്തിന്റെ പേരില്‍ അത്തരം ആശങ്കകള്‍ക്ക് യാതൊരു അടിസ്ഥാനവുമില്ലെന്നും സോനോവാള്‍ റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞു.
















