ന്യൂദല്‍ഹി : പൗരത്വ നിയമ ഭേദഗതിക്കെതിരെ തെറ്റായ പ്രചാരണങ്ങള്‍ പടരുന്ന സാഹചര്യത്തില്‍ അക്രമങ്ങള്‍ക്ക് പ്രേരിപ്പിക്കുന്ന ദൃശ്യങ്ങള്‍ ഉണ്ടെങ്കില്‍ അത് പുറത്തുവിടരുതെന്ന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശം. അത് കൂടുതല്‍ തെറ്റിദ്ധാരണ പരത്താന്‍ ഇടവരുത്തുകയും ആക്രമ സംഭവങ്ങളിലേക്ക് ജനങ്ങളെ തള്ളിവിടാന്‍ സാധ്യതയുണ്ടെന്ന് കണക്കാക്കിയാണ് ഇത്തരം ദൃശ്യങ്ങള്‍ പുറത്തിവിടരുതെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്.
കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയം നല്‍കിയ നിര്‍ദ്ദേശത്തില്‍ അക്രമത്തെ പ്രോത്സാഹിപ്പിക്കുകയോ ക്രമസമാധാന പ്രശ്നങ്ങള്‍ ഉണ്ടാക്കുകയോ ചെയ്യുന്ന ദൃശ്യങ്ങള്‍ സംപ്രേഷണം ചെയ്യരുതെന്നും പറഞ്ഞിട്ടുണ്ട്. അക്രമ ദൃശ്യങ്ങള്‍ സംപ്രേഷണം ചെയ്യുമ്പോള്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശത്തില്‍ പറയുന്നു. അത് ഒരു തരത്തിലും അക്രമത്തിന് പ്രോത്സാഹനം ചെയ്യുന്നതാവരുതെന്ന് ഉറപ്പാക്കണം.
ദേശവിരുദ്ധമായ സമീപനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതോ ക്രമസമാധാന പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നതോ ആയ ദൃശ്യങ്ങള്‍ പാടില്ലെന്ന് നിര്‍ദേശത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സ്വകാര്യ മാധ്യമങ്ങള്‍ വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ ഈ കാര്യങ്ങള്‍ ഏറെ ശ്രദ്ധിക്കേണ്ടതാണ്. ദേശവിരുദ്ധമായ ഏതുതരത്തിലുള്ള ഉള്ളടക്കവും ലൈസന്‍സിങ് ചട്ടങ്ങള്‍ക്കു വിരുദ്ധമാണെന്നും കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.
















