ന്യൂദല്‍ഹി: ദല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റിസിനെ അപമാനിച്ച അഭിഭാഷകര്‍ക്കെതിരെ അന്വേഷണ സമിതി പ്രഖ്യാപിച്ചു. ജാമിയ മിലിയ ഇസ്ലാമിയയിലെ കലാപകാരികള്‍ക്കെതിരായ പോലീസ് നടപടി ചോദ്യം ചെയ്തുള്ള ഹര്‍ജികള്‍ ഉടന്‍ പരിഗണിക്കില്ലെന്ന് അറിയിച്ചതിനാണ് ചീഫ് ജസ്റ്റിസ് ജസ്റ്റിസ് ഡി.എന്‍. പാട്ടീലിനെ കോടതി മുറിയില്‍ അഭിഭാഷകര്‍ അപമാനിച്ചത്. നാണക്കേട് നാണക്കേട് എന്ന് ആര്‍ത്തുവിളിച്ച ഒരുസംഘം അഭിഭാഷകരുടെ നടപടിക്കെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നതിനെ തുടര്‍ന്നാണ് സംഭവത്തെപ്പറ്റി അന്വേഷിക്കാന്‍ പ്രത്യേക സമിതിയെ ഹൈക്കോടതി ചുമതലപ്പെടുത്തിയത്.
ഇന്നലെ രാവിലെ കോടതി ആരംഭിച്ചപ്പോള്‍ ചീഫ് ജസ്റ്റിസ് ബെഞ്ചിന് മുമ്പാകെയെത്തിയ അഭിഭാഷകരുടെ വലിയ സംഘം കഴിഞ്ഞ ദിവസത്തെ ചിലരുടെ നടപടി ചൂണ്ടിക്കാട്ടി. ഇത്തരക്കാര്‍ക്കെതിരെ നടപടി ആവശ്യമാണെന്ന് അഭിഭാഷകര്‍ ഒറ്റക്കെട്ടായി ചീഫ് ജസ്റ്റിസിനോട് ആവശ്യപ്പെട്ടു. കോടതി മുറിയില്‍ മോശമായി പെരുമാറിയവര്‍ക്കെതിരെ സ്വമേധയാ നടപടി സ്വീകരിക്കാന്‍ കോടതി തയാറാവണമെന്നായിരുന്നു ആവശ്യം.
ഇക്കാര്യം അംഗീകരിച്ചാണ് അന്വേഷണ സമിതിയെ ചീഫ് ജസ്റ്റിസ് പ്രഖ്യാപിച്ചത്. കോടതി മുറിയിലെ സിസിടിവി ക്യാമറകള്‍ പരിശോധിക്കണമെന്നും കുറ്റക്കാര്‍ക്കെതിരെ നടപടി വേണമെന്നും അഭിഭാഷകര്‍ ഇന്നലെ ആവശ്യപ്പെട്ടു. ഇക്കാര്യങ്ങളെല്ലാം സമിതി പരിശോധിക്കുമെന്നും സമിതി നടപടി തീരുമാനിക്കുമെന്നും ചീഫ് ജസ്റ്റിസ് അറിയിച്ചു.
കോടതിയുടെ മഹത്വത്തെ തകര്‍ക്കുന്ന നടപടിയാണ് കഴിഞ്ഞ ദിവസം ഉണ്ടായതെന്ന് മുതിര്‍ന്ന അഭിഭാഷകന് ചേതന്‍ ശര്‍മ ചൂണ്ടിക്കാട്ടി. ഇത്തരം നടപടികള്‍ അവസാനിപ്പിച്ചുകൊടുക്കണം. അവരവരുടെ വൈകാരികതകള്‍ പ്രകടിപ്പിക്കാനുള്ള വേദിയല്ല കോടതി മുറികള്‍. അഭിഭാഷകവൃത്തിക്ക് യോജിക്കാത്ത നടപടിയാണ് ഉണ്ടായത്, ചേതന്‍ ശര്‍മ വ്യക്തമാക്കി.
മുതിര്‍ന്ന അഭിഭാഷകരായ ഇന്ദിരാ ജയ്സിങ്ങിനും കോളിന് ഗോണ്സാല്വസിനുമൊപ്പം പോലീസ് നടപടിക്കെതിരെ കോടതിയെ സമീപിച്ച അഭിഭാഷകരാണ് കേസ് ഫെബ്രുവരിയിലേക്ക് മാറ്റിയെന്ന് ഉത്തരവിട്ട ഉടന്‍ നാണക്കേട് നാണക്കേട് എന്ന് ആര്‍ത്തുവിളിച്ചത്. ചീഫ് ജസ്റ്റിസും സഹജഡ്ജിമാരും ചേംബറിലേക്ക് മടങ്ങുന്നതിനായി എണീക്കുമ്പോഴായിരുന്നു സംഭവം. ഹൈക്കോടതി അഭിഭാഷര്ക്കിടയില് വലിയ പ്രതിഷേധമാണ് ഇതിന്റെ പേരില്‍ ഉണ്ടായത്. കോടതിയെ അപമാനിച്ച ഒരുകൂട്ടം അഭിഭാഷകര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്ന ആവശ്യമാണ് ഹൈക്കോടതിയിലെ ബഹുഭൂരിപക്ഷം അഭിഭാഷകരും സ്വീകരിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: