നാദാപുരം (കോഴിക്കോട്): പൗരത്വ ഭേദഗതി നിയമത്തിനെതിരായ സമരത്തില്‍ ഇതര സംസ്ഥാന തൊഴിലാളികളെ അണിനിരത്തി അക്രമം വ്യാപിപ്പിക്കാന്‍ ശ്രമം. കഴിഞ്ഞ ദിവസം നാദാപുരത്തിനടുത്ത പാറക്കടവിലാണ് ദേശവിരുദ്ധ മുദ്രാവാക്യങ്ങളുമായി കോണ്‍ഗ്രസിന്റെയും മുസ്ലിംലീഗിന്റെയും പ്രാദേശിക നേതാക്കള്‍ ഇതര സംസ്ഥാന തൊഴിലാളികളെ സംഘടിപ്പിച്ച് പ്രതിഷേധ പ്രകടനം നടത്തിയത്. പ്രധാനമന്ത്രി കള്ളനാണ്, ഇന്ത്യ ഹിന്ദു രാഷ്‌ട്രമാക്കാന്‍ അനുവദിക്കില്ല തുടങ്ങിയ മുദ്രാവാക്യങ്ങളാണ് ബംഗാളില്‍ നിന്നുള്ള തൊഴിലാളികള്‍ ഏറ്റുവിളിച്ചത്. ഇതര സംസ്ഥാന തൊഴിലാളികളെ തിരിച്ചയയ്‌ക്കാനുള്ള നിയമം അംഗീകരിച്ചു എന്ന് തെറ്റിദ്ധരിപ്പിച്ചാണ് ഇവരെ പ്രകടനത്തില്‍ പങ്കെടുക്കാന്‍ നിര്‍ബന്ധിച്ചത്.
മുന്‍കൂര്‍ അനുമതിയില്ലാത്ത പ്രകടനത്തിനെതിരെ പോലീസ് നടപടിയൊന്നും എടുത്തിട്ടില്ല. ഈ മേഖലയില്‍ ആയിരത്തിലധികം ഇതര സംസ്ഥാന തൊഴിലാളികളാണ് താമസിക്കുന്നത്. മുര്‍ഷിദാബാദില്‍ നിന്നുള്ളവരാണ് തൊഴിലാളികളില്‍ ഏറെയും. ബംഗ്ലാദേശില്‍ നിന്ന് അനധികൃതമായി കുടിയേറിയവരും കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇതര സംസ്ഥാന തൊഴിലാളികളെന്ന വ്യാജേന താവളമുറപ്പിച്ചിട്ടുണ്ട്.ഇതര സംസ്ഥാന തൊഴിലാളികളെകുറിച്ചുള്ള വിവര ശേഖരം നടത്താന്‍ സംസ്ഥാന സര്‍ക്കാര്‍ പദ്ധതിയിട്ടിരുന്നുവെങ്കിലും അത് എവിടെയും എത്തിയിട്ടില്ല.
















