വാഷിങ്ടണ്‍: ഇന്ത്യ-അമേരിക്ക ഉഭയകക്ഷി ചര്‍ച്ചയില്‍ കശ്മീരും പൗരത്വ ഭേദഗതി ബില്ലും സംസാര വിഷയമായി. ഇരു രാജ്യങ്ങളിലെയും മന്ത്രിമാര്‍ തമ്മിലുള്ള 2 പ്ലസ് 2 ചര്‍ച്ചയുടെ ഭാഗമായുള്ള കൂടിക്കാഴ്ചയിലായിരുന്നു ഇവ ചര്‍ച്ച ചെയ്തത്.
കശ്മീരിലെ സാഹചര്യം യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയുമായി സംസാരിച്ചെന്ന് വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍ പറഞ്ഞു. കൂടാതെ പൗരത്വ ഭേദഗതി ബില്ലിനെ കുറിച്ചുള്ള വിശദ വിവരങ്ങള്‍ അമേരിക്കന്‍ നയതന്ത്രജ്ഞര്‍ ആവശ്യപ്പെട്ടു. ബില്ലിനെ കുറിച്ച് അവര്‍ വായിച്ചറിഞ്ഞതിനേക്കാള്‍ കൂടുതല്‍ വളരെ വ്യക്തമായി അവര്‍ക്ക് മനസ്സിലാക്കി കൊടുത്തെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കശ്മീരില്‍ രാഷ്‌ട്രീയ നേതാക്കളെ കരുതല്‍ തടവില്‍ പാര്‍പ്പിച്ചിരിക്കുന്നതിനെ കുറിച്ച് സംസാരിച്ചു. കശ്മീരില്‍ നിലനിന്നിരുന്ന നിയന്ത്രണങ്ങള്‍ പിന്‍വലിച്ച് സാധാരണ ജനജീവിതം സാധ്യമാക്കിയതിനെ അമേരിക്ക സ്വാഗതം ചെയ്യുന്നു.നിലവില്‍ ഇന്ത്യയില്‍ പൗരത്യ ഭേദഗതി ബില്ലിനെതിരെയുള്ള പ്രതിഷേധങ്ങളെക്കുറിച്ചും സംസാരിച്ചു. ബില്‍ പാസ്സാക്കുന്നതിന് മുന്നോടിയായി പാര്‍ലമെന്റില്‍ നടന്ന സംവാദങ്ങളെല്ലാം നിരീക്ഷിക്കുന്നുണ്ടായിരുന്നു. ഇന്ത്യയുടെ ജനാധിപത്യ പ്രക്രിയയെ ബഹുമാനിക്കുന്നു. ഇന്ത്യയുടെ നയങ്ങളെ പ്രോത്സാഹിപ്പിക്കുന്നു. മറ്റ് ജനാധിപത്യ രാജ്യങ്ങള്‍ ഇന്ത്യയുടെ നയങ്ങളെ പിന്തുടരണമെന്നും യുഎസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.
















