ജയ്‌പൂര്‍: 2008 മെയ് മാസത്തില്‍ 73 പേരുടെ ജീവന്‍ നഷ്ടമായ ജയ്‌പൂര്‍ സ്‌ഫോടന പരമ്പരയില്‍ നാലുപ്രതികള്‍ക്കും വധശിക്ഷ. സംശയത്തിന്റെ ആനുകൂല്യം നല്‍കി ഒരാളെ കോടതി കഴിഞ്ഞ ദിവസം കുറ്റവിമുക്തനാക്കിയിരുന്നു. ഐപിസി, നിയമവിരുദ്ധ പ്രവര്‍ത്തന നിരോധന നിയമം, സ്‌ഫോടകവസ്തു നിയമം, പിഡിപിപി നിയമം എന്നീ വകുപ്പുകള്‍ പ്രകാരമാണ് നാലുപേരെയും ശിക്ഷിച്ചത്. 1293 സാക്ഷികളെ വിസ്തരിച്ച ശേഷമാണ് ജയ്‌പൂരിലെ പ്രത്യേക കോടതിയുടെ വിധി.
11 വര്‍ഷം മുമ്പ് മെയ് 13 ന് ജയ്‌പൂരിലുണ്ടായ സ്‌ഫോടനത്തില്‍ 72 പേര്‍ കൊല്ലപ്പെടുകയും 170 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇന്ത്യന്‍ മുജാഹിദ്ദീന്‍ ഭീകരസംഘടനയായിരുന്നു ആക്രമണത്തിന് പിന്നില്‍. ഇന്ത്യന്‍ മുജാഹിദ്ദീന്‍ ഭീകരരായ മുഹമ്മദ് സെയ്ഫ്, സല്‍മാന്‍, എംഡി സര്‍വര്‍ അസ്മി, സൈഫുരഹ്മാന്‍ എന്നിവരാണ് ശിക്ഷിക്കപ്പെട്ടവര്‍.സ്‌ഫോടനവുമായി ബന്ധപ്പെട്ട് മാനക് ചൗക്ക്, കോട്വാലി പോലീസ് സ്‌റ്റേഷനുകളില്‍ എട്ട് കേസുകള്‍ ആണ് ഇവര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്തിരുന്നത്.
പന്ത്രണ്ട് പ്രതികളാണ് കേസില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. കേസിലെ മൂന്ന് പ്രതികള്‍ ഇപ്പോഴും ഒളിവിലാണ്. സാജിദ് ബഡ, എംഡി ഖാലിദ്, ശരണ്‍ എന്ന മാനിക് എന്നിവരാണ് ഒളിവിലുള്ള പ്രതികള്‍ . ആരിസ് ജുനൈദ്, അസദുള്ള അക്തര്‍, ഹദ്ദി, അഹ്മദ് സിദ്ദി അഥവാ യാസിന്‍ ഭട്കല്‍ എന്നിവര്‍ തിഹാര്‍ ജയിലില്‍ ആണ്. കേസിലെ മറ്റ് രണ്ട് പ്രതികളായ എംഡി ആതിഫ് എന്ന മാമു, സാജിദ് ചോട്ട എന്നിവര്‍ പോലിസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെടുകയും ചെയ്തു.
ജയ്‌പൂര്‍ സ്‌ഫോടനവുമായി ബന്ധപ്പെട്ട് 2018 ഫെബ്രുവരിയില്‍ ഡല്‍ഹി പോലീസിന്റെ സ്‌പെഷ്യല്‍ സെല്‍ ഇന്ത്യന്‍ മുജാഹിദ്ദീന്‍ ഭീകരനായ അരിസ് ഖാനെ അറസ്റ്റു ചെയ്തതില്‍ നിന്നാണ് കേസ് അന്വേഷണത്തിന് വഴിത്തിരിവുണ്ടായത്. സ്‌ഫോടനത്തിന് 10 ദിവസം മുമ്പ് ജയ്‌പൂരിലെത്തിയാണ് ഇവര്‍ സ്‌ഫോടനം ആസൂത്രണം ചെയ്തതെന്ന് അരിസ് ഖാന്‍ മൊഴി നല്‍കിയിട്ടുണ്ട്. ഡല്‍ഹിയിലെ ജോധ്പൂര്‍ ഹൗസില്‍ നിന്ന് വോള്‍വോ ബസ്സുകള്‍ കയറി മൂന്ന് സംഘങ്ങളായാണ് ഇവര്‍ ജയ്‌പൂരിലെത്തിയത്. ഭാവി പദ്ധതികള്‍ ആസൂത്രണം ചെയ്ത ശേഷം ഇവര്‍ ഡല്‍ഹിക്ക് മടങ്ങുകയും ചെയ്തു. സ്‌ഫോടനം നടന്ന ദിവസം, മുന്‍കൂട്ടി തീരുമാനിച്ച സ്ഥലങ്ങളില്‍ 10 ഐ.ഇ.ഡികള്‍ സ്ഥാപിച്ചു. ബോംബുകള്‍ സൈക്കിളുകളില്‍ കെട്ടിയിടുകയായിരുന്നു. സമയക്രമീകരണത്തിനുള്ള സംവിധാനവും ഇതില്‍ ഘടിപ്പിച്ചിരുന്നു.
ഹനുമാന്‍ ക്ഷേത്രമായതുകൊണ്ടു തന്നെ തിരക്കേറിയ ചൊവ്വാഴ്ച ദിവസമായിരുന്നു ഭീകരര്‍ ആക്രമണത്തിന് തെരഞ്ഞെടുത്തത്. ക്ഷേത്രത്തിലേക്കുള്ള രണ്ട് പ്രധാന പ്രവേശന കവാടമായ സംഗനേരി ഗേറ്റ്, ചന്ദ്‌പോള്‍ എന്നീ സ്ഥലങ്ങളിലാണ് സ്‌ഫോടനം നടന്നത്. 2008 മെയ് മാസത്തിലായിരുന്നു സംഭവം. രാത്രി 7.20 ഓടെ, ഹവ മഹലിന് സമീപം ആയിരുന്നു ആദ്യം സ്‌ഫോടനം നടന്നത്. ഇതോടെ ആളുകള്‍ നാലുഭാഗത്തേക്കും ഓടി തുടങ്ങി. അഞ്ച് മിനിറ്റിനുള്ളില്‍ മറ്റൊരു സ്‌ഫോടനവും ഉണ്ടായി. മിനിററുകള്‍ക്കുള്ളില്‍ ഏഴ് സ്‌ഫോടനങ്ങള്‍ കൂടി ക്ഷേത്ര പരിസരത്ത് നടന്നു കഴിഞ്ഞു. സ്‌ഫോടനം നടന്ന മനക് ചൗക്ക് പോലീസ് സ്‌റ്റേഷന്‍, ബാദി ചൗപാഡ്, കോട്വാലി പോലീസ് സ്‌റ്റേഷന്‍, ട്രിപ്പോളിയ ബസാര്‍, ചന്ദ്‌പോള്‍ ഹനുമാന്‍ ക്ഷേത്രം, ജൗഹാരി ബസാര്‍ , ഛോത്തി ചൗപാഡ്, സംഗനേരി ഗേറ്റ് ഹനുമാന്‍ ക്ഷേത്രം എന്നീ എട്ട് സ്ഥലങ്ങളും രണ്ട് കിലോമീറ്റര്‍ ചുറ്റളവിലാണ്.
എട്ട് സ്ഥലങ്ങളിലായി ഒന്‍പത് സ്‌ഫോടനങ്ങളാണ് നടന്നത്. ജയ്‌പൂരില്‍ സീരിയല്‍ ബോംബ് സ്‌ഫോടനം നടന്നിട്ടുണ്ടെന്ന് പോലീസിന് വിവരം ലഭിക്കുമ്പോഴേക്കും തെരുവുകളില്‍ മനുഷ്യശരീരങ്ങള്‍ ചിതറിതെറിച്ചിരുന്നു എങ്ങും രക്തം കെട്ടികിടക്കുന്ന ഭയാനകമായ കാഴ്ചകളും. 280 വര്‍ഷം പഴക്കമുള്ള നഗരമാണ് ഭീകരാക്രമണത്തില്‍ തകര്‍ന്നത്. സ്‌ഫോടനം നടന്ന് ഒരു ദിവസത്തിന് ശേഷം സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഇന്ത്യന്‍ മുജാഹിദ്ദീന്‍ സൈക്കിളിന്റെ വീഡിയോ ക്ലിപ്പുകള്‍ ഡല്‍ഹി ആസ്ഥാനമായുള്ള രണ്ട് മാധ്യമ സ്ഥാപനങ്ങള്‍ക്ക് ഇമെയില്‍ അയച്ചിരുന്നു.
















