ന്യൂദല്‍ഹി: ജാമിയ മിലിയ ഇസ്ലാമിയ സര്‍വകലാശാലയിലെ വിദ്യാര്‍ഥികള്‍ നടത്തിയ കലാപം അടിച്ചമര്‍ത്തിയ പോലീസ് നടപടിക്കെതിരെ ദല്‍ഹി ഹൈക്കോടതിയെ സമീപിച്ച ആസാദി ഗ്യാങ്ങിലെ അഭിഭാഷകര്‍ക്ക് തിരിച്ചടി. സുപ്രീംകോടതിയില്‍ ഉടന്‍ കേസെടുക്കില്ലെന്ന് മനസ്സിലായതോടെ ഹര്‍ജിയുമായെത്തിയ മുതിര്‍ന്ന അഭിഭാഷകരായ ഇന്ദിര ജയ്സിങ്, കോളിന് ഗോണ്‍സാല്‍വസ് അടക്കമുള്ളവരുടെ കുതന്ത്രത്തില്‍ ദല്‍ഹി ഹൈക്കോടതിയും വീണില്ല. കേസ് ഉടന്‍ കേള്‍ക്കില്ലെന്ന് ചീഫ് ജസ്റ്റിസ് ഡി.എന്‍. പാട്ടീല്‍ അറിയിച്ചതോടെ ആസാദി ഗ്യാങ്ങിലെ അഭിഭാഷകര്‍ നാണക്കേട്, നാണക്കേട് എന്ന് കോടതി മുറിയില്‍ ആര്‍ത്തുവിളിച്ചു. എന്നിട്ടും പ്രകോപിതനാവാതെ ഹര്‍ജി ഫെബ്രുവരി നാലിന് പരിഗണിക്കാമെന്നറിയിച്ച് ചീഫ് ജസ്റ്റിസ് നിലപാട് വ്യക്തമാക്കിയത് ശ്രദ്ധേയമായി.
എത്രയും പെട്ടെന്ന് ഹര്‍ജികള്‍ പരിഗണിക്കണമെന്നതായിരുന്നു കോളിന് ഗോണ്‍സാല്‍വസിന്റെയും ടീമിന്റെയും ആവശ്യം. സമാന ആവശ്യമുന്നയിച്ച് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ബെഞ്ചിനെ സമീപിച്ച കോളിന് ഗോണ്‍സാല്‍വസിനെയും സംഘത്തിന്റെയും ആവശ്യം കഴിഞ്ഞ ദിവസം തള്ളിയിരുന്നു. ഇതേ തുടര്‍ന്ന് ഇവര്‍ ദല്‍ഹി ഹൈക്കോടതിയെ സമീപിച്ചു. ബസുകള്‍ കത്തിച്ചും കാറുകള്‍ തകര്‍ത്തും കലാപം നടത്തിയ വിദ്യാര്‍ഥികള്‍ക്ക് ഇടക്കാല സംരക്ഷണം നല്‍കണമെന്ന ആവശ്യം കോടതി അംഗീകരിച്ചില്ല. ജാമിയ മിലിയ ഇസ്ലാമിയ സര്‍വകലാശാലയ്ക്കുള്ളിലെ മുസ്ലിം പള്ളിയിലും ലൈബ്രറിയിലും പോലീസ് കയറിയെന്നും നാശനഷ്ടങ്ങളുണ്ടാക്കിയെന്നും മറ്റൊരു അഭിഭാഷകനായ സഞ്ജയ് ഹെഗ്ഡെ വാദിച്ചു. സുപ്രീംകോടതിയിലെ വിരമിച്ച ജഡ്ജിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തെ നിയോഗിക്കണമെന്ന് ഇന്ദിരാ ജയ്സിങ് ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് നേതാവ് സല്മാന് ഖുര്‍ഷിദും കലാപകാരികള്‍ക്ക് വേണ്ടി കോടതിയില്‍ ഹാജരായി.
മണിക്കൂറുകള്‍ വാദം കേട്ട കോടതി കേന്ദ്രസര്‍ക്കാരിനും ദല്‍ഹി പോലീസിനും പതിവു പോലെ നോട്ടീസ് അയയ്ക്കാന്‍ തീരുമാനിച്ചു. കേന്ദ്രവും പോലീസും സത്യവാങ്മൂലം സമര്‍പ്പിച്ച ശേഷം ഫെബ്രുവരി നാലിന് കേസ് വിശദമായി കേള്‍ക്കാമെന്ന് ഉത്തരവിട്ട് ചീഫ് ജസ്റ്റിസ് ബെഞ്ച് എണീറ്റു. ഈ സമയമാണ് നാണക്കേട്, നാണക്കേട് എന്ന് ആസാദി ഗ്യാങ്ങിലെ ചില അഭിഭാഷകര്‍ കോടതി മുറിയില്‍ വിളിച്ചത്. മുതിര്‍ന്ന അഭിഭാഷകര്‍ ഇതു തടഞ്ഞതുമില്ല. കോടതിയെ സമ്മര്‍ദ്ദത്തിലാക്കി കലാപകാരികള്‍ക്ക് വേണ്ടി രംഗത്തെത്തിയ ആസാദിഗ്യാങ് അഭിഭാഷകര്‍ പോലീസ് അറസ്റ്റ് ചെയ്തവര്‍ക്ക് വേണ്ടി സമിതി ഉണ്ടാക്കിയിട്ടുണ്ട്. ജാമ്യമെടുക്കുന്നതിനും മറ്റു കേസ് നടത്തിപ്പിനുമായാണ് ആസാദിഗ്യാങ് വിവിധ കേന്ദ്രങ്ങളില്‍ അഭിഭാഷക സമിതികളുണ്ടാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: