ന്യൂദല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിന്റെ പേരില്‍ മുസ്ലിം സംഘടനകളും ഇടത്-പ്രതിപക്ഷ സംഘടനകളും രാജ്യവ്യാപകമായി കലാപത്തിന് ശ്രമം നടത്തി പരാജയപ്പെട്ടു. സമാധാനപരമായ പ്രതിഷേധത്തിന് തയാറാവാതെ ക്രമസമാധാന നില തകര്‍ത്ത് രാജ്യത്ത് സംഘര്‍ഷാവസ്ഥ സൃഷ്ടിക്കാനുള്ള ശ്രമം പോലീസിന്റെ സംയമനത്തെ തുടര്‍ന്ന് തകര്‍ന്നു. വിവിധ നഗരങ്ങളില്‍ നൂറില്‍ താഴെ ആളുകള്‍ മാത്രം പ്രതിഷേധത്തിനെത്തിയത് ഇവരുടെ പദ്ധതി തകര്‍ത്തു. എന്നാല്‍ ലഖ്നൗവില്‍ സമാജ് വാദിപാര്‍ട്ടിയുടെ പ്രവര്‍ത്തകര്‍ നിരത്തുകളില്‍ വ്യാപകമായ അക്രമങ്ങള്‍ അഴിച്ചുവിട്ടു. ബീഹാറില്‍ സമാധാനപരമായാണ് പ്രതിഷേധ പരിപാടികള്‍ നടന്നത്. മുംബൈയില്‍ പേരിന് മാത്രം കുറച്ചുപേര്‍ പ്രതിഷേധിച്ചപ്പോള്‍ വടക്കേന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലൊന്നും യാതൊരു വിധ പ്രതിഷേധവും അരങ്ങേറിയില്ല. മാധ്യമങ്ങള്‍ നല്കിയ വാര്‍ത്തകള്‍ക്കപ്പുറം ജനങ്ങളുടെ യാതൊരു പിന്തുണയും കലാപത്തിന് ഇല്ലെന്ന് വ്യക്തമാക്കുന്നതാണ് രാജ്യത്തിന്റെ വിവിധ ഭാഗത്തെ കാഴ്ചകള്‍.
ദല്‍ഹിയില്‍ ചെങ്കോട്ടയിലേക്ക് ജാമിയ മിലിയ ഇസ്ലാമിയ സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ പ്രകടനം നടത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും നൂറില്‍ത്താഴെ പേര് മാത്രമാണ് ഇവിടേക്കെത്തിയത്. ഇവരെ രണ്ടു ബസ്സുകളിലായി അറസ്റ്റ് ചെയ്തു ദൂരെ കൊണ്ട് വിട്ടു. സീതാറാം യെച്ചൂരിയും ഡി. രാജയും അടക്കമുള്ള ഇടതു സംഘടനാ നേതാക്കള്‍ സമരത്തിന് പിന്തുണ അറിയിച്ച് എത്തിയെങ്കിലും ഇവരെയും കസ്റ്റഡിയിലെടുത്ത് പോലീസ് സ്റ്റേഷനിലേക്ക് മാറ്റി. സ്റ്റേഷനിലേക്ക് കൊണ്ടുപോകും വഴി ട്രാഫിക് സിഗ്നലില്‍ കിടന്ന പോലീസ് വാഹനത്തില്‍ നിന്ന് ഇവര്‍ ഇറങ്ങിപ്പോയത് പോലീസ് തടഞ്ഞതുമില്ല. മുന്‍കരുതലിന്റെ ഭാഗമായി ദല്‍ഹിയിലെ 17 മെട്രോ സ്റ്റേഷനുകള്‍ പല സമയത്തായി അടച്ചിട്ടിരുന്നു. മന്ഡിഹൗസിലടക്കം ഇന്റര്‍നെറ്റ് സേവനങ്ങളും താല്‍ക്കാലികമായി റദ്ദാക്കി. ഇവയെല്ലാം പിന്നീട് പുനഃസ്ഥാപിച്ചു.
വൈകിട്ട് ജന്ദര്‍മന്ദിറില്‍ ജെഎന്‍യുവിലെ ഇടതു സംഘടനകളുടെ സമരവും സമാധാനപരമായിരുന്നു. എന്നാല്‍ പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധാഗ്നിയില്‍ ദല്‍ഹി സ്തംഭിച്ചെന്ന വ്യാജ പ്രചാരണവുമായി മലയാള മാധ്യമങ്ങള്‍ ഇന്നലെ രാവിലെ മുതല്‍ പ്രചാരണം നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: