ആലപ്പുഴ: ഇരുട്ടത്ത് വാഹന പരിശോധന നടത്തിയതിനെ ചോദ്യം ചെയ്തയാളുടെ പല്ല് പോലീസ് അടുച്ചു കൊഴിച്ചു. ചേര്‍ത്തല നഗരസഭ അഞ്ചാം വാര്‍ഡ് ഇല്ലിക്കല്‍ രമേഷ് എസ്. കമ്മത്തിനാണ് പോലീസിന്റെ മര്‍ദ്ദനം ഏറ്റത്. തിരുവനന്തപുരം പിഎസ്‌സി ഓഫീസിലെ ഉദ്യോഗസ്ഥനാണ് ഇയാള്‍.
14-ാം തിയതി സന്ധ്യയ്‌ക്ക് എറണാകുളത്ത് ജോലികഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോഴാണ് സംഭവം നടക്കുന്നത്. ആക്രമണത്തില്‍ രമേഷിന്റെ ഒരുപല്ല് കൊഴിയുകയും കണ്ണിനും കഴുത്തിനും ജനനേന്ദ്രിയത്തിനും പരിക്കേല്‍ക്കുകയും ചെയ്തു. തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ ചികിത്സതേടിയ ഇദ്ദേഹം സംഭവം നടന്ന് രണ്ടുദിവസത്തിനുശേഷമാണ് പരാതി നല്‍കിയത്.
കഴിഞ്ഞ ശനിയാഴ്ച രമേഷ് വീട്ടിലേക്ക് പോകുന്നതിനിടെ സന്ധ്യയ്‌ക്ക് റോഡിലെ വളവില്‍വെച്ച് പോലീസ് ബൈക്ക് തടഞ്ഞ് മദ്യപിച്ചോ എന്ന് പരിശോധിക്കുകയും ഇല്ലെന്ന് മനസ്സിലായതോടെ വിട്ടയയ്‌ക്കുകയും ചെയ്തു. എന്നാല്‍ ബൈക്ക് അല്‍പ്പം മാറ്റി നിര്‍ത്തിയശേഷം ഇയാള്‍ വളവിലും ഇരുട്ടിലും വാഹന പരിശോധന പാടില്ലെന്ന് ഡിജിപിയുടെ സര്‍ക്കുലര്‍ ഉള്ളതാണല്ലോയെന്ന് അറിയിച്ചു. തുടര്‍ന്ന് ഇതിന്റെ ഫോട്ടോ എടുക്കാനും ശ്രമിച്ചതോടെ പോലീസ് ആക്രമിക്കുകയായിരുന്നു. ഇയാളുടെ തലയ്‌ക്കും കണ്ണിനും പല്ലിനും ഇടിക്കുകയും ജനനേന്ദ്രിയത്തിനും പോലീസ് പരിക്കേല്‍പ്പിക്കുകയും തുടര്‍ന്ന് സ്റ്റേഷനിലെത്തിച്ചും ഉപദ്രവിച്ചു.
പോലീസിന്റെ ജോലിക്ക് തടസ്സംനിന്നു എന്ന വകുപ്പില്‍ കേസെടുത്ത് ഇയാളെ പിന്നീട് ജാമ്യത്തില്‍ അയയ്‌ക്കുകയായിരുന്നു. മെഡിക്കല്‍ പരിശോധനയില്‍ മര്‍ദ്ദിച്ചെന്ന് പറയരുതെന്നു ഭീഷണിപ്പെടുത്തി. പോലീസിനെതിരേ പരാതിപ്പെടാന്‍ ധൈര്യപ്പെടാതിരുന്ന രമേശിനെ പിഎസ്‌സി ചെയര്‍മാന്‍ എം.കെ. സക്കീര്‍ ഇടപെട്ട് ഡിജിപിക്ക് കത്ത് നല്‍കുകയായിരുന്നു.
പരാതി നല്‍കിയതിനെ തുടര്‍ന്ന് സ്പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി അന്വേഷണമാരംഭിച്ചു. സംഭവത്തില്‍ പോലീസ് ഡ്രൈവര്‍ സുധീഷിനെ സസ്പെന്‍ഡ് ചെയ്തതായും ജില്ലാ പോലീസ് മേധാവി കെ.എം. ടോമി അറിയിച്ചു.















