തിരുവനന്തപുരം: പന്തീരങ്കാവില്‍ മാവോയിസ്റ്റ് ബന്ധത്തില്‍ സിപിഎം പ്രവര്‍ത്തകര്‍ അറസ്റ്റിലായ കേസ് ദേശീയ അന്വേഷണ ഏജന്‍സി(എന്‍ഐഎ) അന്വേഷിക്കും. കേസില്‍ അറസ്റ്റിലായ അലന്‍ ഷുഹൈബിനും, താഹ ഫൈസലിനും മാവോയിസ്റ്റ് സംഘടനകളുമായുള്ള ബന്ധവും എന്‍ഐഎ നിരീക്ഷിക്കും.
നിലവില്‍ അലന്‍ ഷുഹൈബും, താഹ ഫൈസലും റിമാന്‍ഡിലാണ്. കേസില്‍ അറസ്റ്റിലായ ശേഷം ഇരുവരുടേയും പക്കല്‍ നിന്നും മാവോയിസ്റ്റ് അനുകൂല ലേഖകളും മറ്റും കണ്ടെടുത്തിരുന്നു. ഇവരുടെ ലാപ്ടോപ്പില്‍ നിന്നും പെന്‍ഡ്രൈവില്‍ നിന്നും മാവോയിസ്റ്റുകളെന്ന് ശരിവേയ്‌ക്കുന്ന തെളിവുകളും ലഭിച്ചു. കൂടാതെ ചോദ്യം ചെയ്യലില്‍ നഗര മാവോയിസ്റ്റുകളാണ് ഇവരെന്ന് സമ്മതിക്കുകയും ചെയ്തു.
അട്ടപ്പാടിയില്‍ മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ട ഏറ്റുമുട്ടലിനു പിന്നാലെയാണ് മാവോയിസ്റ്റ് അനുകൂല ലഘുലേഖകള്‍ വിതരണം ചെയ്ത അലനും താഹയും അറസ്റ്റിലായത്. ദേശവിരുദ്ധ സ്വഭാവമുള്ള ലേഖനങ്ങളും മാവോയിസ്റ്റ് ഭരണഘടനയും മറ്റം കണ്ടെടുത്തതോടെ ഇരുവരേയും പുറത്താക്കി കേസില്‍ നിന്നു തലയൂരാന്‍ പാര്‍ട്ടിയും ശ്രമിച്ചു.
അതേസമയം ഇവര്‍ക്കെതിരെ യുഎപിഎ ചുമത്തിയതില്‍ സിപിഐയും സിപിഎം പോളിറ്റ് ബ്യൂറോ അംഗങ്ങളായ പ്രകാശ് കാരാട്ടും എം.എ. ബേബിയും അടക്കമുള്ളവര്‍ ചോദ്യംചെയ്തിരുന്നു. ഇതിനെതിരെ പാര്‍ട്ടിക്കുള്ളില്‍ തന്നെ രണ്ട് നിലപാടാണ് എടുത്തിരിക്കുന്നത്.
















