തൃശൂര്‍: കോണ്‍ഗ്രസും മാര്‍ക്‌സിസ്റ്റും കൈകോര്‍ത്ത് രാജ്യദ്രോഹികളുമായി അവിശുദ്ധ സഖ്യമുണ്ടാക്കി പൗരത്വ ബില്ലിനെതിരെ മതകലാപം സൃഷ്ടിക്കുകയാണെന്ന് ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ്. ജിഹാദികളും അര്‍ബന്‍ നക്‌സലൈറ്റുകളും ചേര്‍ന്ന് കഴിഞ്ഞ ദിവസം നടത്തിയ ഹര്‍ത്താലിന്റെ മറവില്‍ സംസ്ഥാന വ്യാപകമായുണ്ടായ അക്രമങ്ങളുടെ ഉത്തരവാദിത്തം മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവിനുമാണ്. മോദി സര്‍ക്കാരിനെ അട്ടിമറിച്ച് ആഭ്യന്തര കലാപം സൃഷ്ടിക്കാന്‍ എസ്ഡിപിഐക്കും പോപ്പുലര്‍ഫ്രണ്ടിനും കോണ്‍ഗ്രസും മാര്‍ക്‌സിസ്റ്റുപാര്‍ട്ടിയും ചേര്‍ന്ന് ക്വട്ടേഷന്‍ നല്‍കിയിരിക്കുകയാണ്. ബിജെപി ജില്ലാ കമ്മിറ്റി ഓഫീസില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു കൃഷ്ണദാസ്.
പൗരത്വ ബില്ലിന്റെ മറവില്‍ നടക്കുന്നത് വിദ്യാര്‍ഥി കലാപമല്ല. മോദി സര്‍ക്കാരിനെ തകര്‍ക്കാന്‍ രാജ്യദ്രോഹികളുമായി ചേര്‍ന്ന് വ്യാജ പ്രചാരണത്തിലൂടെ മതകലാപമാണ് നടക്കുന്നത്. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും കൈകോര്‍ത്തത് വ്യക്തികള്‍ക്കും പാര്‍ട്ടികള്‍ക്കുമപ്പുറത്ത് രാജ്യദ്രോഹികളുമായുള്ള കൈകോര്‍ക്കലാണ്. യൂത്ത്‌കോണ്‍ഗ്രസും ഡിവൈഎഫ്‌ഐയും യൂത്ത് ലീഗും ചേര്‍ന്ന് തയാറാക്കിയ തിരക്കഥയനുസരിച്ച് ആസൂത്രിതമായാണ് അക്രമണം നടത്തിയത്. എസ്ഡിപിഐക്കും പോപ്പുലര്‍ ഫ്രണ്ടിനും ഒന്നിക്കാനുള്ള പൊതു പ്ലാറ്റ്‌ഫോമായി കേരളം മാറി. ഈ സംഘടനകള്‍ നടത്തിയ പ്രകടനങ്ങളില്‍ കോണ്‍ഗ്രസിലേയും ലീഗിലേയും സിപിഎമ്മിലേയും പ്രവര്‍ത്തകര്‍ ഉണ്ടായിരുന്നു.
2003ല്‍ കോണ്‍ഗ്രസും 2012ല്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയും ആവശ്യപ്പെട്ട പൗരത്വ ഭേദഗതി നിയമമാണ് ഇപ്പോള്‍ മോദി സര്‍ക്കാര്‍ നടപ്പാക്കിയത്. 2003ല്‍ രാജ്യസഭയില്‍ പൗരത്വ ഭേദഗതി ബില്‍ നടപ്പാക്കണമെന്ന് മന്‍മോഹന്‍സിങ് ആവശ്യപ്പെട്ടിരുന്നു. 2012ല്‍ കോഴിക്കോട് നടന്ന സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് പൗരത്വ ഭേദഗതി ബില്‍ നടപ്പാക്കണമെന്നാവശ്യപ്പെട്ട് പ്രമേയം പാസാക്കി. ഇതിനു ശേഷം പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിന് ഇതേ ആവശ്യമുന്നയിച്ച് പ്രകാശ് കാരാട്ട് കത്തെഴുതി. അതിനാല്‍ കേരളത്തിലെ മതന്യൂനപക്ഷങ്ങള്‍ കോണ്‍ഗ്രസിന്റേയും മാര്‍ക്‌സിസ്റ്റിന്റേയും കെണിയില്‍ വീഴാതെ യാഥാര്‍ഥ്യം മനസ്സിലാക്കണം.
സംസ്ഥാനത്ത് കര്‍ഷക ആത്മഹത്യകള്‍ വര്‍ധിക്കുന്നതിന്റേയും റോഡുകളിലെ കുണ്ടുകളിലും കുഴികളിലും വീണ് ബൈക്ക് യാത്രക്കാരായ യുവാക്കള്‍ മരിക്കുന്നതിന്റെയും ജനരോക്ഷം പ്രതിപക്ഷ നേതാവിനെ ഉപയോഗിച്ച് സിപിഎം തടയുകയാണ്. സംസ്ഥാനത്തുണ്ടായ ആക്രമണങ്ങള്‍ക്കു പിന്നില്‍ ഈ അജണ്ടയുമുണ്ട്. ദേശീയതലത്തില്‍ ഒന്നിച്ച കോണ്‍ഗ്രസും മാര്‍ക്‌സിസ്റ്റും കേരളത്തില്‍ വേറിട്ടു നിന്ന് ജനങ്ങളെ പറ്റിക്കുകയാണ്.
മുഖ്യമന്ത്രിയായി പിണറായിയും പ്രതിപക്ഷ നേതാവായി ചെന്നിത്തലയും തുടരുന്നതില്‍ യാതൊരു അര്‍ത്ഥവുമില്ല. രമേശ് ചെന്നിത്തലയെ ഉപമുഖ്യമന്ത്രിയാക്കി ബിജെപിയിലെ ഒ. രാജഗോപാലിനെ പ്രതിപക്ഷ നേതാവാക്കണം. പൗരത്വബില്ലിനെതിരെ കോണ്‍ഗ്രസും സിപിഎമ്മും നടത്തുന്ന രാഷ്‌ട്രീയ നാടകം തുറന്നു കാട്ടുന്നതിനായി ബിജെപി 20 മുതല്‍ 30 വരെ സംസ്ഥാനതല പ്രചരണ പരിപാടി സംഘടിപ്പിക്കും. ദേശീയ നേതാക്കള്‍ പരിപാടിയില്‍ പങ്കെടുക്കുമെന്നും പി.കെ. കൃഷ്ണദാസ് അറിയിച്ചു. ബിജെപി ജില്ലാ പ്രസിഡന്റ് എ. നാഗേഷും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.














