ആലപ്പുഴ: കേരള യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥികളുടെ ഉത്തരക്കടലാസുകള്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. കേരള സര്‍വകലാശാല നേരിട്ട് നടത്തുന്ന യൂണിവേഴ്സിറ്റി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റിലെ അവസാന വര്‍ഷ എംബിഎ വിദ്യാര്‍ഥികളുടെ ഉത്തരക്കടലാസുകളാണ് കോളേജിലെ ചവറ്റുകുട്ടയില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്. അതേസമയം, ഉത്തരക്കടലാസ് മൂല്യനിര്‍ണയം നടത്താതെ സപ്ലിമെന്ററി പരീക്ഷയെഴുതാന്‍ വിദ്യാര്‍ഥികളോട് ആവശ്യപ്പെട്ട് മുഖംരക്ഷിക്കാന്‍ ശ്രമിക്കുകയാണ് അധികൃതര്‍.
ഇന്റഗ്രേറ്റഡ് മാര്‍ക്കറ്റിങ് ആന്‍ഡ് കമ്യൂണിക്കേഷന്‍ ഉപവിഷയമായി എടുത്ത 32 വിദ്യാര്‍ഥികളുടെ ഉത്തരക്കടലാസുകളാണ് അധികൃതരുടെ അനാസ്ഥമൂലം നഷ്ടമായത്. ജൂണ്‍ 11ന് നടന്ന പരീക്ഷയുടെ ഉത്തരക്കടലാസുകള്‍ നവംബര്‍ അഞ്ചിനാണ് കണ്ടെത്തി യൂണിവേഴ്സിറ്റി പരീക്ഷാ വിഭാഗത്തെ ഏല്‍പ്പിച്ചതെന്ന് ഇന്‍സ്റ്റിറ്റിയൂട്ടിന്റെ പ്രിന്‍സിപ്പള്‍ ഇന്‍ ചാര്‍ജ് വഹിക്കുന്ന അധ്യാപിക സുമിന ഹനീഫ് തന്നെ വിദ്യാര്‍ഥികളോട് സമ്മതിച്ചിരുന്നു. അധ്യാപികയുടെ വീഴ്ചയാണ് ഉത്തരക്കടലാസ് നഷ്ടപ്പെടാന്‍ ഇടയാക്കിയതെന്നാണ് വിശദീകരണം.
ഒക്‌ടോബറില്‍ മറ്റു കുട്ടികളുടെ പരീക്ഷാഫലം വന്നതോടെയാണ് തങ്ങളുടെ ഉത്തരക്കടലാസുകള്‍ നഷ്ടപ്പെട്ട വിവരം വിദ്യാര്‍ഥികള്‍ അറിയുന്നത്. പ്രിന്‍സിപ്പളുമായും സര്‍വകലാശാല അധികൃതരുമായും ബന്ധപ്പെട്ടപ്പോള്‍ പേപ്പര്‍ മൂല്യനിര്‍ണയം നടത്താന്‍ തയാറാകാതെ വിദ്യാര്‍ഥികളോട് സപ്ലിമെന്ററി പരീക്ഷയെഴുതാനാണ് നിര്‍ദേശിച്ചത്.
സപ്ലിമെന്ററി പരീക്ഷയെഴുതിയാല്‍ പരാജയപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് ലഭിക്കുന്നതുപോലെ രണ്ടു സര്‍ട്ടിഫിക്കറ്റുകളാകും ഇവര്‍ക്ക് ലഭിക്കുക. മാത്രമല്ല പരീക്ഷാഫലം വൈകും. നിലവില്‍ പല വിദ്യാര്‍ഥികള്‍ക്കും ജോലി ലഭിച്ചിട്ടുണ്ട്. സര്‍ട്ടിഫിക്കറ്റുകളും മാര്‍ക്ക് ലിസ്റ്റും വൈകുന്നത് ജോലി നഷ്ടപ്പെടാനിടയാക്കും.
സംഭവം വിവാദമായതോടെ എബിവിപി അടക്കമുള്ള വിദ്യാര്‍ഥി പ്രസ്ഥാനങ്ങള്‍ ഇന്‍സ്റ്റിറ്റിയൂട്ടിലേക്ക് മാര്‍ച്ച് നടത്തി. പ്രതിഷേധം ശക്തമായ സാഹചര്യത്തില്‍ ഉത്തരക്കടലാസ് നഷ്ടമായ വിദ്യാര്‍ഥികള്‍ക്ക് പ്രത്യേക പരീക്ഷ നടത്തി ഫലം അതിവേഗം നല്‍കാമെന്നാണ് ഇപ്പോള്‍ അധികൃതര്‍ ഉറപ്പു നല്‍കുന്നത്.
















