ആലപ്പുഴ: നവജ്യോതി കരുണാകര ഗുരുവിന്റെ ജന്മസ്ഥലമായ ചന്തിരൂരില്‍ ജന്മഗൃഹ സമുച്ചയം നിര്‍മിക്കുന്നു. ശിലാസ്ഥാപനം 22ന് രാവിലെ 11.30ന് ശാന്തിഗിരി ആശ്രമം ഗുരുസ്ഥാനീയ അമൃതജ്ഞാന തപസ്വിനി നിര്‍വഹിക്കും. ആലപ്പുഴ, എറണാകുളം ജില്ലാ അതിര്‍ത്തിയോട് ചേര്‍ന്ന് കൈതപ്പുഴ കായലോരത്തെ കരിനിലത്തെ അഞ്ചടിപ്പാടത്തിനു സമീപത്തെ ഏഴ് ഏക്കര്‍ സ്ഥലത്താണ് മൂന്നുഘട്ടങ്ങളിലായി നിര്‍മാണം നടക്കുകയെന്ന് ശാന്തിഗിരി ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്‌നം ജഞാന തപസ്വി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
വാസ്തുശില്‍പ്പ ശൈലികളെ സമന്വയിപ്പിച്ചുകൊണ്ടാകും നിര്‍മാണം. 75,000 ചതുരശ്ര അടി വിസ്തീര്‍ണം വരുന്ന ഈ സമുച്ചയത്തിന് 50 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. സ്തംഭങ്ങള്‍, സ്തൂപങ്ങള്‍, പഗോഡകള്‍, ഇടത്തൂണുകള്‍, അര്‍ധഗോള കുംഭ മകുടങ്ങള്‍, വൃത്താകൃതിയിലും അര്‍ധഖണ്ഡാകൃതിയിലുള്ളതുമായ കമാനങ്ങള്‍ എന്നിവ സമുച്ചയത്തിന് മിഴിവേകും. ഇതിന്റെ മധ്യഭാഗത്തായി തടിയില്‍ തീര്‍ക്കുന്ന 41 അടി ഉയരത്തില്‍ 21 ഇതളുകളുള്ള വിടര്‍ന്ന താമര ശില്‍പ്പവും നിര്‍മിക്കും.
ഇവിടെ പനമ്പും ഓലയും കൊണ്ട് നിര്‍മിച്ച ഒരു കുടില്‍ ഉണ്ടായിരുന്നു. ഇതിനോടു ചേര്‍ന്നുള്ള മാറ്റപ്പുരയിലാണ് ഗോവിന്ദന്റെയും കാര്‍ത്ത്യായനിയുടെയും മകനായി കരുണാകര ഗുരു ജനിച്ചത്. ഗുരു ബാല്യകാലത്ത് ഉപയോഗിച്ചിരുന്ന കുളം സംരക്ഷിക്കും.
ഔഷധ സസ്യോദ്യാനവും നക്ഷത്ര വനവും നിര്‍മിക്കും. നിലവില്‍ നടന്നുവരുന്ന നെല്‍ക്കൃഷി കൂടുതല്‍ വിപുലമാക്കും. ആലപ്പുഴ സ്വദേശി വിക്ടര്‍ പൈലിയാണ് സമുച്ചയത്തിന്റെ രൂപകല്‍പ്പന നിര്‍വഹിച്ചത്. വാര്‍ത്താസമ്മേളനത്തില്‍ ഓര്‍ഗനൈസിങ് സെക്രട്ടറി സ്വാമി ഗുരുമിത്രന്‍, സ്വാമി ജനനന്മ, മേഘന ഗുരുമൂര്‍ത്തി എന്നിവര്‍ പങ്കെടുത്തു.
















