അടിമാലി: പ്രളയം തകര്‍ത്ത മൂന്നാറിനെ സഞ്ചാരികള്‍ കൈവിട്ടെങ്കിലും അവധിക്കാലം തുണയ്ക്കുമെന്ന പ്രതീക്ഷയില്‍ വിനോദസഞ്ചാര മേഖല. കഴിഞ്ഞ അവധി ദിനങ്ങളിലുണ്ടായ സഞ്ചാരികളുടെ ഒഴുക്ക് ശുഭപ്രതീക്ഷ നല്കുന്നു. ക്രിസ്മസ്-പുതുവത്സര ആഘോഷത്തില്‍ വിനോദസഞ്ചാരികളുടെ വരവില്‍ പ്രതീക്ഷയര്‍പ്പിച്ചിരിക്കുകയാണ് വിനോദസഞ്ചാര മേഖല.
ചീയപ്പാറ മുതല്‍ മറയൂര്‍ ചിന്നാര്‍ വരെ വിസ്തൃതമായിക്കിടക്കുന്ന വിനോദസഞ്ചാര മേഖലയിലെ വ്യാപാരികള്‍, റിസോര്‍ട്ട് നടത്തിപ്പുകാര്‍, ഓഫ് റോഡ് സവാരി ജീപ്പ് നടത്തിപ്പുകാര അടക്കമുള്ളവര്‍ സഞ്ചാരികള്‍ക്ക് വേണ്ട സൗകര്യങ്ങള്‍ ഒരുക്കുന്നതിന്റെ തിരക്കിലാണ്. അവധിക്കാലം തങ്ങള്‍ക്ക് അനുകൂലമാകുമെന്നാണ് ഇവരുടെ പ്രതീക്ഷ. 2017ല്‍ 4.85 ലക്ഷം ആഭ്യന്തര സഞ്ചാരികളും 48,000 വിദേശികളുമാണ് മൂന്നാര്‍ സന്ദര്‍ശിച്ചത്.
കഴിഞ്ഞ വര്‍ഷം നീലക്കുറിഞ്ഞി പൂത്തപ്പോള്‍ പ്രതീക്ഷിച്ചത് എട്ട് ലക്ഷം സഞ്ചാരികളെയാണ്. എന്നാല്‍ ആഗസ്തിലെ മഹാപ്രളയം പ്രതീക്ഷകള്‍ തകര്‍ത്തു. 2018ലെത്തിയത് ഒരു ലക്ഷത്തോളം സഞ്ചാരികള്‍ മാത്രം. സഞ്ചാരികളെ എത്തിക്കാന്‍ ടൂറിസം ഓപ്പറേറ്റര്‍മാരും ഹോട്ടലുടമകളും പദ്ധതികള്‍ ആസൂത്രണം ചെയ്തിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ നീലക്കുറിഞ്ഞി സന്ദേശ പ്രചരണങ്ങള്‍ തന്നെ നടത്തിയിരുന്നു. എന്നാല്‍, മഹാപ്രളയം പ്രതീക്ഷകളെല്ലാം തകര്‍ത്തു.
കഴിഞ്ഞ പ്രളയത്തിലെ ചിത്രങ്ങളും വീഡിയോ ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നത് വിനോദസഞ്ചാര മേഖലയെ വലിയ തോതില്‍ ബാധിക്കുന്നു. കൊച്ചി-ധനുഷ്കോടി ദേശീയപാതയടക്കം തകര്‍ന്ന് കിടക്കുന്നതും സഞ്ചാരികളെ അകറ്റുന്നു. ഇതരസംസ്ഥാന പാതകളായ മൂന്നാര്‍-ഉടുമല്‍പ്പെട്ട റോഡിന്റെ ശോച്യാവസ്ഥയും, ഗ്യാപ് റോഡ് നിര്‍മാണവുമെല്ലാം അസൗകര്യം സൃഷ്ടിക്കുന്നു. പ്രതിസന്ധികള്‍ നിരവധിയായതിനാല്‍ ടൂര്‍ ഓപ്പറേറ്റമാര്‍ പാക്കേജില്‍ നിന്ന് മൂന്നാറിനെ ഒഴിവാക്കുകയാണ്.
കഴിഞ്ഞ 10 വര്‍ഷത്തിനിടെ ഏറ്റവും കുറവ് സന്ദര്‍ശകര്‍ എത്തിയ സീസണുകളിലൂടെയാണ് കടന്നുപോകുന്നത്. പ്രശ്നങ്ങള്‍ പരിഹരിച്ച് ടൂറിസം രംഗത്തെ പിടിച്ച് നിര്‍ത്താന്‍ സര്‍ക്കാര്‍ അടിയന്തര പദ്ധതികള്‍ ആവിഷ്കരിക്കണമെന്നാണ് മൂന്നാറുകാരുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: