കോഴിക്കോട്: കോഴിക്കോട് കോര്‍പ്പറേഷന്‍ കൗണ്‍സില്‍ യോഗത്തില്‍ പൗരത്വനിയമഭേദഗതിക്കെതിരെ പ്രമേയം പാസ്സാക്കാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ച് ബിജെപി കൗണ്‍സിലര്‍മാര്‍. പ്രമേയത്തിന്റെ കോപ്പി കീറിയെറിഞ്ഞ് ബിജെപി കൗണ്‍സിലര്‍മാര്‍ യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയി. കൗണ്‍സില്‍ പാര്‍ട്ടി ലീഡര്‍ നമ്പിടി നാരായണന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.
ഇന്ന് വൈകിട്ട് മൂന്നിന് ചേര്‍ന്ന കോര്‍പ്പറേഷന്‍ കൗണ്‍സില്‍ യോഗത്തില്‍ അജണ്ടകള്‍ക്കുശേഷം മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ പ്രമേയം അവതരിപ്പാക്കാനായി വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ എം. രാധാകൃഷ്ണനെ വിളിക്കുകയായിരുന്നു. ഈ സമയം നമ്പിടി നാരായണന്‍ എഴുന്നേല്‍ക്കുകയും ശക്തമായ എതിര്‍പ്പ് അറിയിക്കുകയും ചെയ്തു. പാര്‍ലമെന്റ് പാസ്സാക്കുകയും രാഷ്‌ട്രപതി ഒപ്പുവെക്കുകയും ചെയ്ത നിയമത്തിനെതിരെ പ്രമേയം കൊണ്ടുവരുന്നത് ശരിയല്ലെന്നും ഇതില്‍ ശക്തമായ പ്രതിഷേധം ഉണ്ടെന്നും അദ്ദേഹം അറിയിച്ചു.
മേയറുടെ വിവേചനാധികാരം ഉപയോഗിച്ച് പ്രമേയത്തിന് അനുമതി നല്‍കരുതെന്നും ആവശ്യപ്പെട്ടു. എന്നാല്‍ മേയര്‍ പ്രമേയം അവതരിപ്പിക്കാന്‍ അനുമതി നല്‍കിയതോടെ നമ്പിടി നാരായണന്റെ നേതൃത്വത്തില്‍ ബിജെപി കൗണ്‍സിലര്‍മാര്‍ മേയറുടെ ചേംബറിന് മുന്നിലെത്തി മുദ്രാവാക്യം വിളിക്കുകയും പ്രമേയത്തിന്റെ കോപ്പി കീറിയെറിയുകയും യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോവുകയുമായിരുന്നു. ബിജെപി കൗണ്‍സിലര്‍മാരായ ഇ. പ്രശാന്ത്കുമാര്‍, ടി. അനില്‍കുമാര്‍, നവ്യ ഹരിദാസ്, ജിഷ ഗിരീഷ്, ഷൈമ പൊന്നത്ത് എന്നിവര്‍ പ്രതിഷേധത്തില്‍ പങ്കെടുത്തു. ബിജെപി അംഗങ്ങള്‍ ഇറങ്ങിപ്പോയതോടെ എല്‍ഡിഎഫ്, യുഡിഎഫ് അംഗങ്ങള്‍ ഒറ്റക്കെട്ടായി പ്രമേയം പാസ്സാക്കി. ജമ്മുകശ്മീരിനുള്ള 370-ാം വകുപ്പ് റദ്ദാക്കിയതിനെതിരെയും കോര്‍പ്പറേഷന്‍ നേരത്തെ പ്രമേയം പാസ്സാക്കിയിരുന്നു.
















