കൊച്ചി : ദേശീയ അന്വേഷണ ഏജന്‍സിയുടെ വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ച് തട്ടിപ്പ് നടത്തുന്നതിനിടെ യുവാവ് പിടിയില്‍. മലപ്പുറം സ്വദേശി മുഹമ്മദ് നദിമാണ് തട്ടിപ്പിനിടെ മുളവുകാട് പോലീസിന്റെ പിടിയിലായത്.
എന്‍ഐഎയുടെ വ്യാജ തിരിച്ചറിയല്‍ രേഖയുമായി ബോള്‍ഗാട്ടിയിലുള്ള പഞ്ചനക്ഷത്ര ഹോട്ടലില്‍ താമസിച്ചുവരികയായിരുന്നു ഇയാള്‍. അതിനിടെ ഇയാളെ കാണാനായി ചില സുഹൃത്തുക്കള്‍ ഹോട്ടലില്‍ എത്തി. എന്നാല്‍ ഇവരില്‍ ആരോ തന്റെ സാധനങ്ങള്‍ മോഷ്ടിച്ചെന്നും സിസിടിവി പരിശോധിക്കണമെന്നും ജീവനക്കാരോട് നദിം ആവശ്യപ്പെട്ടു. എന്നാല്‍ സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് മാത്രമേ നല്‍കുകയുള്ളൂ എന്ന് അറിയിച്ചതോടെ നദീം താന്‍ എന്‍ഐഎ ഉദ്യോഗസ്ഥനാണെന്ന് പറഞ്ഞ് വ്യാജ തിരിച്ചറിയല്‍കാര്‍ഡിന്റെ ഫോട്ടോ കാണിക്കുകയായിരുന്നു. സംശയം തോന്നിയ ജീവനക്കാര്‍ വിവരം പോലീസില്‍ അറിയിച്ചതോടെയാണ് തട്ടിപ്പ് പുറത്തറിയുന്നത്.
തുടര്‍ന്ന് പോലീസെത്തി പരിശോധിച്ചപ്പോള്‍ ഇയാള്‍ താമസിച്ചിരുന്ന മുറിയില്‍ നിന്ന് കഞ്ചാവും ലഹരി മരുന്നും, ഒരു എയര്‍ ഗണ്ണും, എയര്‍ പിസ്റ്റളും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാളുടെ കൈവശം ഉണ്ടായിരുന്ന കാറും കസ്റ്റഡിയിലെടുത്ത് പരിശോധിച്ചു വരികയാണ്. അതേസമയം വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ച് നദീം കൂടുതല്‍ തട്ടിപ്പ് നടത്തിയിട്ടുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്.
















