ഭരണപക്ഷവുമായി ചേര്‍ന്ന് സമരം ചെയ്ത പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ തിരുത്തി കെപിസിസി അദ്ധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. ഇടത് പക്ഷവുമായി ചേര്‍ന്ന് ഒരു സമരത്തിനും കോണ്‍ഗ്രസ് തയ്യാറല്ലെന്ന് മുല്ലപ്പള്ളി വ്യക്തമാക്കി.
പിണറായി അടക്കമുള്ള സിപിഎം കേന്ദ്ര കമ്മിറ്റി അംഗങ്ങളാണ് ദേശീയ അടിസ്ഥാനത്തിലുള്ള ബിജെപി വിരുദ്ധ സഖ്യം തകര്‍ത്തതെന്ന് മുല്ലപ്പള്ളി പറഞ്ഞു. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ ബിജെപിക്കെതിരായ പാര്‍ട്ടികളുടെ ചേരിയുണ്ടാക്കാന്‍ കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പുകാലത്ത് ശ്രമിച്ചപ്പോള്‍ അതിനെ അട്ടിമറിച്ചത് കേരളത്തിലെ സി.പി.എം നേതാക്കളാണെന്ന് കുറ്റപ്പെടുത്തിയ മുല്ലപ്പള്ളി ദേശീയതലത്തില്‍ ബിജെപിയെ ശക്തമായി എതിര്‍ക്കുന്ന പ്രസ്ഥാനം കോണ്‍ഗ്രസ് മാത്രമാണെന്നും കൂട്ടിച്ചേര്‍ത്തു. സംഘപരിവാറിനെതിരെ കോണ്‍ഗ്രസ് നിലകൊണ്ടപ്പോള്‍ കേരളത്തിലെ സി.പി.എം നാളിതുവരെ ഒളിച്ചോടുകയായിരുന്നുവെന്നും മുല്ലപ്പള്ളി പ്രതികരിച്ചു.
സി.പി.എമ്മിന്റെ ന്യൂനപക്ഷ പ്രേമം കാപട്യവും ആത്മാര്‍ത്ഥയില്ലാത്തതുമാണെന്നും ന്യൂനപക്ഷ വോട്ടില്‍ കണ്ണുവച്ചുള്ള ഒരു പ്രഹസനം മാത്രമാണെന്നും മുല്ലപ്പള്ളി പറഞ്ഞു. ബീഫ് മേളകള്‍ ന്യൂനപക്ഷ വോട്ടുകളില്‍ കണ്ണുവെച്ചുള്ള കള്ളക്കളി ആയിരുന്നില്ലേയെന്നും യു.എ.പി.എ കരിനിയമമാണെന്ന് രാജ്യസഭയില്‍ ഘോരഘോരം പ്രസംഗിച്ച സീതാറാം യെച്ചൂരി എന്ത്‌കൊണ്ട് രണ്ട് മുസ്ലീം യുവാക്കളെ യുഎപിഎ ചുമഴ്‌ത്തി ജയിലിലടച്ചത് എതിര്‍ത്തില്ലായെന്നും മുല്ലപ്പള്ളി ചോദ്യങ്ങള്‍ ഉന്നയിച്ചു.
മുല്ലപ്പള്ളി രാമചന്ദ്രന്റെ പ്രസ്ഥാവനയോടെ കോണ്‍ഗ്രസ്സിലെ അഭിപ്രായഭിന്നത മറനീക്കി പുറത്ത് വന്നിരിക്കുകയാണ്. പാര്‍ലമെന്റ് പാസാക്കിയ പൗരത്വ ഭേദഗതി ബില്ലിനെതിരെ മുഖ്യമന്ത്രി പിണറായി വിജയനുമായി ചേര്‍ന്ന് ഉപവാസം നടത്തിയത് യുഡിഎഫില്‍ ചേരിപ്പോരിന് വഴിയൊരുക്കിയിരുന്നു. യുഡിഎഫ് കണ്‍വീനര്‍ ബെന്നിബെഹനാന്‍ കണ്ണൂര്‍ എംപി കെ. സുധാകരന്‍ എന്നിവര്‍ തങ്ങളുടെ എതിര്‍പ്പ് പരസ്യമാക്കുകയും ചെയ്തിരുന്നു. കെപിസിസി മുല്ലപ്പള്ളിയുടെ പ്രതികരണം കൂടി തനിക്ക് എതിരായതോടെ കോണ്‍ഗ്രസ്സില്‍ ചെന്നിത്തല ഒറ്റപ്പെടുകയാണ്.














